ഒന്നുകിൽ അമ്മ തല്ലുവാങ്ങും, ഇല്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും; സിപിഎമ്മിന്റെ ​ഗതികേട് എന്നു തീരുമോ എന്തോ!!!

ഒന്നുകിൽ അമ്മ തല്ലുവാങ്ങും, ഇല്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും; സിപിഎമ്മിന്റെ ​ഗതികേട് എന്നു തീരുമോ എന്തോ!!!


സത്യം പറഞ്ഞാൽ അമ്മ തല്ലുവാങ്ങും, ഇല്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന്റെ കേട് എങ്ങനെയെങ്കിലും ഉരച്ചുകഴുകി തേച്ചുകുളിപ്പിച്ചെടുക്കുന്നതിനാണ് തെറ്റുതിരുത്തലെന്ന് പറഞ്ഞ് മുന്നിട്ടിറങ്ങാൻ തുടങ്ങിയത്. അതിനിടയിൽ വീണ്ടും പടിക്കൽ കലമുടച്ചിരിക്കുകയാണ് മാസപ്പടി കേസെടുത്തിട്ട് ഇഡിയും ബിജെപിയും. സിപിഎം വീണ്ടും "ചങ്കരൻ പിന്നെയും തെങ്ങേലെ"ന്ന സ്ഥിതിയിലായി. 

മാസപ്പടി കേസിലെ ഓരോ നടപടികളും ഇപ്പോൾ സിപിഎമ്മിന്റെ കൂനിന്മേൽ കയറിയിരിക്കുന്ന "കുരു"വാണ്. കൂന് ഇറക്കാൻ ശ്രമിക്കുമ്പോൾ മുകളിലിരിക്കുന്ന കുരു ഓരോ ദിവസം ചെല്ലുന്തോറും വലുതാകുകയും കൂടുതൽ കുരുക്കൾ ഉണ്ടാവുകയും ചെയ്യുന്നു. "കുരു"ക്കൾ ബിജെപിയും കോൺ​ഗ്രസും ഉണ്ടാക്കിയെടുക്കുന്നതാണെന്ന് പറഞ്ഞ് തലയൂരാനാണ് സിപിഎം ശ്രമിക്കുന്നതെങ്കിലും "കൂന്" എങ്ങനെ മാറ്റുമെന്ന് ചിന്തിച്ചിട്ട് ഒരു അന്തവും കുന്തവും ആകുന്നതുമില്ല. ഇനിയും മാസപ്പടി കേസിൽ പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്താൽ കൂനിന്മേൽ "കുമ്പളങ്ങ" കിളിച്ചു എന്ന സ്ഥിതിയിലുമെത്തും. ഭരണ പരാജയത്തിന്റെ പ്രധാന കാരണം പിണറായിയാണെന്ന് പറയാതെ പറയുന്ന നേതൃനിരയിലെ ഉന്നതർ കടുത്ത നീക്കവുമായി മുന്നിട്ടിറങ്ങുന്നതാവും അടുത്തപടി. പോലീസ് കേസ് രജിസ്റ്റർ ചെയ്താൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നുള്ള പിണറായി വിജയന്റെ രാജി ആവശ്യം കൂടുതൽ ശക്തമാകും. 

ലാവ്‍ലിൻ കേസിൽ മുമ്പുണ്ടായിരുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. അന്ന് അദ്ദേഹം പാർട്ടി സെക്രട്ടറി മാത്രമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പാർലമെൻ്ററി പദവികളോ വഹിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോഴത്തേത് പോലെ അന്ന് സോഷ്യൽ മീഡിയ അത്രയ്ക്ക് സ്വാധീനവും ഉണ്ടാക്കിയിരുന്നില്ല. ഇപ്പോൾ വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകാൻ സോഷ്യൽ മീഡിയയിൽ അവസരങ്ങൾ ഇഷ്ടംപോലെയുണ്ട്. പാർട്ടി അണികളെന്ന് പറയുന്നവർക്കെല്ലാം അഭിപ്രായം അറിയിക്കാനും പിന്തുണയുണ്ടാക്കാനും ഇടങ്ങൾ ധാരാളം. കൂടാതെ, വിവാദങ്ങൾ കൊടുമ്പിരി കൊള്ളിക്കാനും തീ ആളിക്കത്തിക്കാനും സർവെകൾ സൃഷ്ടിച്ചെടുക്കാനും കഴിയുന്ന കൂട്ടരും നിരവധി. 

ലാവ്‍ലിൻ കേസിലെ ആരോപണങ്ങളുയർന്നപ്പോൾ കോൺ​ഗ്രസിന്റെ ​ഗൂഡാലോചനയെന്ന് പറഞ്ഞ് ഒഴിയാൻ എളുപ്പമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനമോ പദവിയോ അല്ലാത്തതിനാൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ രാഷ്ട്രീയ ശരികേടില്ലെന്നായിരുന്നു അന്ന് പാർട്ടി വിലയിരുത്തിയത്. സമാന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. മാസപ്പടി കേസിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഇഡി നടപടികളെയും ആരോപണങ്ങളെയും നേരിടുന്നത് അത്ര എളുപ്പമല്ലെന്ന് സിപിഎം നേതാക്കൾ തന്നെ പറയുന്നുണ്ട്. ഇതുവരെ വീണയുടെ കേസിലെ നടപടികൾ ഓരോന്നുണ്ടായപ്പോഴും വ്യക്തിപരമായ ഒന്നാണെന്നും പാർട്ടിക്ക് അതിനെ ന്യായീകരിക്കേണ്ട ബാധ്യതയില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. 

എന്നാൽ, തെരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും രഹസ്യമായും പരസ്യമായും പിണറായിക്കെതിരെ ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെ എങ്ങനെ ചെറുക്കാനാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. കൂടാതെ, പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെ ചൊല്ലി ഇടഞ്ഞുനിൽക്കുന്ന സിപിഐ ഏത് രീതിയിൽ പ്രതികരിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. അതുകൊണ്ടുതന്നെ 13ന് കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ ഏതു രീതിയിൽ ചർച്ച കൊണ്ടുപോകണമെന്ന കൂലങ്കശമായ കൂടിയാലോചനകളിലാണ് മുതിർന്ന നേതാക്കളിൽ ഭൂരിപക്ഷവും. നേതൃമാറ്റം കമ്മിറ്റി യോഗത്തിൻ്റെ അജണ്ടയിലില്ലെന്ന് പാർട്ടി ആവർത്തിക്കുമ്പോഴും അങ്ങനെയൊരു ചർച്ചയുണ്ടായാൽ പ്രതിരോധം എങ്ങനെവേണമെന്നും ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയും അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്താലും പിണറായി വിജയനെ തള്ളിപ്പറയാൻ സിപിഎം ഉടനെ തയ്യാറാവില്ല. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രാജിയുണ്ടാകാത്ത രീതിയിൽ കോട്ടയുണ്ടാക്കാനെ നിലവിൽ നേതൃത്വം തയ്യാറാവുകയുള്ളു. 

പിണറായി വിജയനെതിരെ കേസ് എടുത്താൽ അതിനെ നിയമപരമായും രാഷ്ട്രീയവുമായി നേരിടുമെന്നാവും ആദ്യഘട്ടത്തിൽ സിപിഎം തീരുമാനമെടുക്കുക. കേസ് എടുക്കാൻ ആധാരമാക്കി ഇഡി നൽകിയിരിക്കുന്ന റിപ്പോർട്ടും കണ്ടെത്തലുകളും പരിശോധിച്ചാകും പിന്നീടുള്ള നടപടികൾ. കേസെടുത്താൽ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന പ്രതിരോധ തന്ത്രവും പയറ്റും. ബിജെപിയുടെ ലക്ഷ്യത്തിന് യുഡിഎഫ് സർക്കാരും ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപവും സിപിഎം ക്യാപ്സൂളാക്കും. 

മാസപ്പടി കേസിൽ കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇഡിയുടെ 25 പേജുള്ള റിപ്പോർട്ടിലുള്ളത്. അഴിമതി നിരോധന നിയമ പ്രകാരം സംസ്ഥാന പോലീസ് കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. ഇക്കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവി അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. നടപടികൾ നിയമത്തിന്റെ വഴിയേ പോകുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. 

പിണറാക്കെതിരേ കേസെടുക്കണമെന്ന നിർദേശം രാഷ്ട്രീയ പകപോക്കലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ശ്രമം. നിയമവിരുദ്ധ നീക്കങ്ങൾ നടത്തുന്ന ഇഡിയുടെ നിർദേശം യുഡിഎഫ് സർക്കാർ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണ്. പിണറായി വിജയനെതിരെ എഫ്ഐആർ ഇട്ടാൽ കോടതിയെ സമീപിക്കുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. നല്ല തിരക്കഥയാണ് ഇഡിയുടേത്. കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സർക്കാരാണ്. അന്വേഷണത്തിൽ പേടിച്ചു പോയിട്ടൊന്നുമില്ല. തെറ്റ് ചെയ്യാത്തതിനാൽ പേടിയില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.