ധാക്ക: അഞ്ചാംപനി (മീസില്‍സ്) വ്യാപനം അതീവ ഗുരുതരമായി തുടരുന്ന ബംഗ്ലാദേശില്‍ ഈ വര്‍ഷം രോഗബാധിതകരുടെ എണ്ണം 1.66 ലക്ഷം പിന്നിട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (ഡി ജി എച്ച് എസ്) അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ രാജ്യത്തെ ഏറ്റവും രൂക്ഷമായ അഞ്ചാംപനി വ്യാപനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അഞ്ചാംപനി കേസുകളിലെ മരണസംഖ്യ ആയിരത്തിലേക്ക് അടുക്കുകയാണ്.
നിലവിലെ സാഹചര്യം ദേശീയതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ആരോഗ്യപ്രതിസന്ധിയായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) വിലയിരുത്തിയിട്ടുണ്ട്. രാജ്യത്തെ എട്ട് ഭരണവിഭാഗങ്ങളിലായി 64 ജില്ലകളിലും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനസാന്ദ്രതയേറിയ നഗരമേഖലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. തലസ്ഥാനമായ ധാക്കയിലെ അനൗപചാരിക താമസകേന്ദ്രങ്ങളും ചേരിപ്രദേശങ്ങളും പ്രധാന രോഗവ്യാപന കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
ചെറിയ കുട്ടികളാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളാണ് ആകെ കേസുകളുടെ ഏകദേശം 80 ശതമാനവും. പതിവ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനുള്ള പ്രായം പോലും എത്തിയിട്ടില്ലാത്ത ഒമ്പത് മാസത്തില്‍ താഴെയുള്ള ശിശുക്കള്‍ക്കിടയിലാണ് ആകെ രോഗബാധയുടെ ഏകദേശം മൂന്നിലൊന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോഷകാഹാരക്കുറവ് വ്യാപകമായതിനാല്‍ ന്യുമോണിയ, മസ്തിഷ്‌കവീക്കം (എന്‍സഫലൈറ്റിസ്) തുടങ്ങിയ ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.
ജനസംഖ്യയിലെ പ്രതിരോധശേഷിയിലുണ്ടായ വലിയ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് പൊതുജനാരോഗ്യ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍കാലങ്ങളില്‍ ബംഗ്ലാദേശില്‍ പ്രതിരോധ കുത്തിവയ്പ്പിന്റെ തോത് മികച്ച നിലയിലായിരുന്നെങ്കിലും പതിവ് വാക്‌സിനേഷന്‍ പരിപാടികള്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. കോവിഡ്-19 മഹാമാരിയുടെ തുടര്‍പ്രത്യാഘാതങ്ങള്‍, നിശ്ചിത ഇടവേളകളില്‍ നടത്തേണ്ട പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളിലെ കാലതാമസം, വാക്‌സിന്‍ വിതരണത്തിലെ കടുത്ത ക്ഷാമം എന്നിവ രോഗബാധയ്ക്ക് സാധ്യതയുള്ള കുട്ടികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിപ്പിച്ചു.
രോഗവ്യാപനം തടയുന്നതിനും സമൂഹതലത്തിലുള്ള പ്രതിരോധശേഷി കൈവരിക്കുന്നതിനും രണ്ട് ഡോസ് അഞ്ചാംപനി വാക്‌സിന്‍ കുറഞ്ഞത് 95 ശതമാനം പേര്‍ക്ക് ലഭിച്ചിരിക്കണമെന്നാണ് ആഗോള ആരോഗ്യ മാനദണ്ഡം. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നില്ല.
മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍, യുണിസെഫ്, ലോകാരോഗ്യ സംഘടന, ഗാവി വാക്‌സിന്‍ അലയന്‍സ് എന്നിവയുടെ സഹകരണത്തോടെ അടിയന്തര ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ആരംഭിച്ചു. ഏകദേശം 1.8 കോടി കുട്ടികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. താത്ക്കാലിക കമ്മ്യൂണിറ്റി കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും വീടുകള്‍ തോറുമെത്തിയുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.
എന്നാല്‍ രോഗബാധ രൂക്ഷമായ ജില്ലകളിലെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ചികിത്സാ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദം നേരിടുന്നതായി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ മുഴുവന്‍ പ്രതിരോധ കുത്തിവയ്പ്പുകളും കൃത്യസമയത്ത് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് കുടുംബങ്ങളോട് നിര്‍ദേശിച്ചു. അഞ്ചാംപനിക്കെതിരായ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് തന്നെയാണെന്നും ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി.
