ഡാലസ്: നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നിയന്ത്രണം നിലനിര്‍ത്തിയാല്‍ ഓരോ അമേരിക്കന്‍ പൗരനും 5,000 ഡോളര്‍ വീതം 'ഡിവിഡന്‍ഡ്' നല്‍കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മുതിര്‍ന്ന ഓരോ അമേരിക്കക്കാരനും തുക ലഭിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കണ്ടെത്തുമെന്നും വിതരണം ചെയ്യുമെന്നും സംബന്ധിച്ച് അദ്ദേഹം വ്യക്തമായ വിശദീകരണം നല്‍കിയില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇടക്കാല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്റെ ആദ്യദിനം ഡാലസില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതുപോലെ കണ്ട് വോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഏകദേശം ഒരു മണിക്കൂറും 45 മിനിറ്റും നീണ്ട പ്രസംഗത്തില്‍ രണ്ടാം ഭരണകാലത്ത് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളെയും നേട്ടങ്ങളെയും ട്രംപ് വിശദീകരിച്ചു. അതേസമയം, രണ്ടാം ഭരണകാലത്തിന്റെ തുടക്കം മുതല്‍ ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും സജീവമാക്കുകയാണ് കണ്‍വെന്‍ഷനിലൂടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നത്.
അമേരിക്കന്‍ ജനതയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കടുത്ത നിലപാടുകളാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച റിപ്പബ്ലിക്കന്‍ നേതാക്കള്‍ ആരോപിച്ചു. അതേസമയം, കണ്‍വെന്‍ഷനിലെ അപ്രതീക്ഷിത സംഭവങ്ങളിലൊന്നായി ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ വീഡിയോ സന്ദേശത്തിലൂടെ പ്രത്യക്ഷപ്പെട്ടു. ഉരുക്ക് വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഇരുപാര്‍ട്ടികളും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളെ ഫെറ്റര്‍മാന്‍ സന്ദേശത്തില്‍ പ്രശംസിച്ചു.
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ വിദേശ ബാങ്കുകളില്‍ നിന്നുള്ള കള്ളപ്പണം പിടിച്ചെടുത്ത് ഇന്ത്യയിലെ പൗരന്മാരുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്ദാനത്തിന്റെ മറ്റൊരു പതിപ്പാണ് ട്രംപിന്റേത്.
