ഹൂത്തികള്‍ക്കെതിരായ യുദ്ധ തന്ത്രം ചോര്‍ന്നു; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് രാജി വയ്ക്കുന്നു

ഹൂത്തികള്‍ക്കെതിരായ യുദ്ധ തന്ത്രം ചോര്‍ന്നു; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് രാജി വയ്ക്കുന്നു


വാഷിംഗ്ടണ്‍: ഏറെ വിവാദമുണ്ടാക്കിയ യു.എസ് യുദ്ധ തന്ത്രചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്  യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവി മൈക്ക് വാള്‍ട്ട്‌സ് സ്ഥാനമൊഴിയുന്നു. വാര്‍ട്ട്‌സിന്റെ രാജി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്ഥാനമൊഴിയുന്ന മൈക്ക് വാള്‍ട്ട്‌സ് യുണൈറ്റഡ് നാഷനില്‍ അമേരിക്കയുടെ അംബാസിഡറായി സേവനമനുഷ്ഠിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മാര്‍ക്കോ റൂബിയോ ആയിരിക്കും അമേരിക്കയുടെ അടുത്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.

ട്രംപ് ഭരണകൂടം ഏറെ വിമര്‍ശിക്കപ്പെട്ട സംഭവമാണ് യമനില്‍ ഹൂത്തികള്‍ക്കെതിരായ സൈനിക നടപടികള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നത്. ഭരണ രംഗത്തെ ഉന്നതര്‍ മാത്രം ഉള്‍പ്പെട്ട സിഗ്നല്‍ ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ ഒരു പത്രപ്രവര്‍ത്തകനെ അബദ്ധത്തില്‍ ചേര്‍ത്തതാണ് വിവാദങ്ങളിലേക്ക് നയിച്ചത്. അറ്റ്‌ലാന്റിക്' വാരികയുടെ പത്രാധിപരായ മാധ്യമ പ്രവര്‍ത്തകന്റെ സാന്നിധ്യം അറിയാതെ യുദ്ധതന്ത്രങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ചചെയ്തതുവഴി വിവരച്ചോര്‍ച്ച സംഭവിക്കുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ട്ട്‌സ് രാജിവച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം അദ്ദേഹം സ്വയം ഏറ്റെടുത്തിരുന്നു. അതേ സമയം വാള്‍ട്ട്‌സിനെ സംരക്ഷിക്കുന്ന സമീപനമാണ് ട്രംപ് പരസ്യമായി സ്വീകരിച്ചത്.
സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചതോടെ ഫോക്‌സ്‌ന്യൂസിലെ അഭിമുഖത്തില്‍ അതിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി വാള്‍ട്‌സ് പറഞ്ഞു. രഹസ്യവിവരങ്ങളൊന്നും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, രഹസ്യാന്വേഷണവിഭാഗം ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് തുടങ്ങിയവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് 'അറ്റ്‌ലാന്റിക്' പത്രാധിപര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് ഉണ്ടായിരുന്നത്. ഗോള്‍ഡ്‌ബെര്‍ഗ് വെളിപ്പെടുത്തിയപ്പോഴാണ് ഈ വിവരം പുറത്തായത്. വാള്‍ട്‌സ് ആണ് ഗ്രൂപ്പുണ്ടാക്കിയത്. ഗ്രൂപ്പില്‍ക്കൂടി ലഭിച്ച വിവരങ്ങള്‍ 'അറ്റ്‌ലാന്റിക്'പ്രസിദ്ധീകരിച്ചു. ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്‌സ്.