തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി


കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിന് എതിരായ സിപിഎമ്മിന്റെ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പ്രസ്താവിച്ചു.

ബാങ്കിലേക്ക് അടയ്ക്കാന്‍ കൊണ്ടുവന്ന പണമാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎമ്മിന്റെ അക്കൗണ്ടില്‍ 4.81 കോടി രൂപ ഉണ്ടായിരുന്നു. അതില്‍ നിന്നും ഒരു കോടി രൂപ സിപിഎം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിച്ചു. തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകല്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. ആദായനികുതി വകുപ്പിന്റെ ഈ നടപടികളെ ചോദ്യം ചെയ്താണ് സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് കോടതിയെ സമീപിച്ചത്.

നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും, കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധനയും പണം പിടിച്ചെടുത്തതുമെന്ന് കോടതി വിലയിരുത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ ഇടപെടുന്നില്ല. അക്കൗണ്ട് മരവിപ്പിച്ചാല്‍ സാധാരണ നിലയില്‍ 60 ദിവസത്തിന് ശേഷം അക്കൗണ്ട് മരവിപ്പിച്ചത് കാന്‍സലാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.