മണ്‍ട്രിയോള്‍ : ലിബറല്‍ കോക്കസില്‍ നിന്ന് പുറത്താക്കിയ കെബെക്ക് ലെജിസ്ലേച്ചര്‍ അംഗം മരിക്ലോഡ് നിഷോള്‍സ് വീണ്ടും പാര്‍ട്ടിയിലേക്ക് മടങ്ങിവരുന്നു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മുന്‍ ഫെഡറല്‍ കാബിനറ്റ് മന്ത്രിയായ പാബ്ലോ റോഡ്രിഗസിനെ കെബെക്ക് ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ടാണ് മരിക്ലോഡ് നിഷോള്‍സ് തന്റെ മടങ്ങി വരവ് പ്രഖ്യാപിച്ചത്. മണ്‍ട്രിയോളിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന സന്തോഷകരമായ പ്രഖ്യാപന വേളയില്‍ പാബ്ലോ റോഡ്രിഗ്‌സും സന്നിഹിതനായിരുന്നു. 2022ലെ മോശം തിരഞ്ഞെടുപ്പ് പ്രകടനത്തിന് ശേഷം അന്നത്തെ നേതാവ് ഡൊമിനിക് ആംഗ്ലേഡുമായി തെറ്റിയതിനെ തുടര്‍ന്നാണ് നിഷോള്‍സിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വോഡ്രൂവില്‍ നിന്ന് ജയിച്ച് നിയമ സഭയിലെത്തിയ നിഷോള്‍സ്, ലിബറലുകള്‍ സമ്പദ്‌വ്യവസ്ഥയുടെ പാര്‍ട്ടിയാകേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. സ്റ്റാന്‍ഡേര്‍ഡ് & പുവര്‍, കെബെക്കിന്റെ ക്രെഡിറ്റ് റേറ്റിങ് കുറച്ചതാണ് അവരുടെ മടങ്ങി വരവിനുള്ള പ്രധാന കാരണം.
താല്‍ക്കാലിക നേതാവ് മാര്‍ക്ക് ടാന്‍ഗേയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം റോഡ്രിഗസാണ് നിഷോള്‍സിനെ വീണ്ടും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. കെബെക്ക് ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ വാരാന്ത്യത്തില്‍ രണ്ട് സംവാദങ്ങള്‍ നടക്കും. ജൂണ്‍ 14നാണ് പാര്‍ട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത്.
കെബെക്ക് എംപ്ലോയേഴ്‌സ് ഗ്രൂപ്പിന്റെ മുന്‍ പ്രസിഡന്റ് കാള്‍ ബ്ലാക്ക്‌ബേണ്‍, കെബെക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ മുന്‍ തലവന്‍ ചാള്‍സ് മില്ലാര്‍ഡ്, അന്താരാഷ്ട്ര വ്യാപാര അഭിഭാഷകന്‍ മാര്‍ക്ക് ബെലാഞ്ചര്‍, സാമ്പത്തിക വിദഗ്ദനും കര്‍ഷകനുമായ മാരിയോ റോയ് എന്നിവരാണ് നേതൃ മത്സരത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.
