സിംഗപ്പൂര്‍: സിംഗപ്പൂരിലെ തെരഞ്ഞെടുപ്പിലും ആഭ്യന്തര കാര്യങ്ങളിലും വിദേശ ശക്തികള്‍ ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പുമായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്. സമീപകാല ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.
മതപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗപ്പൂരുകാരെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചില വിദേശ ശക്തികള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ സംഭവവികാസത്തില്‍ പ്രധാനമന്ത്രി വോങ് ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. അത്തരം തന്ത്രങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിക്കാനും ദേശീയ ഐക്യത്തെ ദുര്‍ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് മുന്നറിയിപ്പ് നല്‍കി.
രാഷ്ട്രീയ നേട്ടത്തിനായി സിംഗപ്പൂറിന്റെ ബഹുസ്വര സാംസ്‌കാരിക, ബഹുമത ഘടനയെ ചൂഷണം ചെയ്യാനുള്ള ഏതൊരു ശ്രമത്തിനെതിരെയും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വത്വരാഷ്ട്രീയം നിരസിക്കേണ്ടതിന്റെയും മെറിറ്റോക്രസിക്കും സാമൂഹിക ഐക്യത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ ദീര്‍ഘകാല പ്രതിബദ്ധത നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു.
മുസ്‌ലിം വോട്ടര്‍മാര്‍ മതപരമായ കാഴ്ചപ്പാടോടെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട സാമൂഹ്യ മാധ്യമ പോസ്റ്റിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മുസ്#ലിംകള്‍ മാത്രമല്ല ക്രിസ്ത്യാനികളും ഹിന്ദുക്കളും ബുദ്ധമതക്കാരും ഇതേ രീതി പിന്തുടര്‍ന്നാല്‍ രാജ്യത്തിന്റെ നിലപാട് ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂര്‍ രാഷ്ട്രീയം ക്രമീകരിച്ചിരിക്കുന്നത് സിംഗപ്പൂരിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല. പുറത്തുനിന്നുള്ളവര്‍ അത് നിയന്ത്രിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ അനുവദിക്കില്ലെന്നും സിംഗപ്പൂര്‍ പൗരനെന്നതാണ് ആത്യന്തിക കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.