ഭീകരക്കെതിരായപോരാട്ടത്തിൽ ഇന്ത്യയ്ക്കു പിന്തുണയെന്ന് പുട്ടിൻ; ഈ വർഷം ഇന്ത്യ സന്ദർശിക്കും

ഭീകരക്കെതിരായപോരാട്ടത്തിൽ ഇന്ത്യയ്ക്കു പിന്തുണയെന്ന് പുട്ടിൻ; ഈ വർഷം ഇന്ത്യ സന്ദർശിക്കും


ന്യൂഡൽഹി: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുട്ടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പുട്ടിൻ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച പുട്ടിൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തെ കിരാതമെന്ന് വിശേഷിപ്പിച്ച പുട്ടിൻ, ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്നും വ്യക്തമാക്കിയതായി റഷ്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ക്ഷണം പുട്ടിൻ സ്വീകരിച്ചതായും റഷ്യ വ്യക്തമാക്കി.

ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്‌കോയിലെ പാക് അംബാസിഡർ സഹായം തേടി റഷ്യയെ സമീപിച്ചിരുന്നു ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. തന്ത്രപരമായ റഷ്യ-ഇന്ത്യൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.

നേരത്തെ റഷ്യയിലെ പാക് അംബാസിഡർ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ ആക്രമിച്ചാൽ ആണായുധം ഉൾപ്പടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് പാകിസ്താന്റെ ഭീഷണി. റഷ്യൻ മാധ്യമമായ ആർ.ടിക്ക് നൽകിയ അഭിമുഖത്തിൽ പാക് നയതന്ത്ര പ്രതിനിധിയായ മുഹമ്മദ് ഖാലിദ് ജമാലിയാണ് അഭിപ്രായപ്രകടനം നടത്തിയത്.