ഹാര്‍വാര്‍ഡിനുള്ള പുതിയ ഗവേഷണ ഗ്രാന്റുകള്‍ ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നു

ഹാര്‍വാര്‍ഡിനുള്ള പുതിയ ഗവേഷണ ഗ്രാന്റുകള്‍ ട്രംപ് ഭരണകൂടം നിര്‍ത്തലാക്കുന്നു


ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുന്നത് ലക്ഷ്യമിട്ട് തിങ്കളാഴ്ച പുതിയ നടപടികള്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. എല്ലാ പുതിയ ഫെഡറല്‍ ഗവേഷണ ഗ്രാന്റുകളും നിര്‍ത്തലാക്കുകയാണെന്നാണ് പ്രഖ്യാപനം.  അക്കാദമിക് സ്വാതന്ത്ര്യം, ഫെഡറല്‍ ഫണ്ടിംഗ്, ക്യാമ്പസ് മേല്‍നോട്ടം എന്നിവയെച്ചൊല്ലി ട്രംപ് ഭരണകൂടവും പ്രശസ്തമായ സര്‍വകലാശാലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടയിലാണ് പുതിയ നീക്കം. സര്‍വകലാശാല തങ്ങളുടെ രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാനുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ശ്രമമാണിത്.

'സര്‍വകലാശാല പാലിച്ചിരിക്കേണ്ട നിയമപരമായ കടമകളുടെ സ്ഥിരമായ ലംഘനങ്ങള്‍' കാരണം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് ഗ്രാന്റുകള്‍ക്ക് അര്‍ഹമല്ലെന്ന് അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ തിങ്കളാഴ്ച വൈകുന്നേരം ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബറിന് ഒരു കത്ത് അയച്ചിട്ടുണ്ട്.

സ്ഥിരീകരണ നടപടിയും കാമ്പസിലെ പ്രതിഷേധവും പോലുള്ള സര്‍വകലാശാലയും ഭരണകൂടവും തമ്മിലുള്ള നിലവിലുള്ള പ്രശ്‌നങ്ങള്‍, അതുപോലെ തന്നെ 2024 ഏപ്രിലില്‍ പുനഃസ്ഥാപിച്ച SAT അല്ലെങ്കില്‍ ACT പോലുള്ള സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റിംഗ് താല്‍ക്കാലികമായി നീക്കം ചെയ്ത നടപടി എന്നിവയെക്കുറിച്ച് കത്തില്‍ പരാമര്‍ശമുണ്ട്.
സര്‍വകലാശാലയുടെ മൊത്തത്തിലുള്ള നടത്തിപ്പിനെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നതാണ് കത്തിലെ ഉള്ളടക്കം.


എല്ലാ വിധത്തിലും, ഹാര്‍വാര്‍ഡ് അതിന്റെ നിയമപരമായ ബാധ്യതകള്‍, ധാര്‍മ്മികവും വിശ്വസ്തവുമായ കടമകള്‍, സുതാര്യത ഉത്തരവാദിത്തങ്ങള്‍, അക്കാദമിക് കാഠിന്യത്തിന്റെ ഏതെങ്കിലും സാമ്യം എന്നിവ പാലിക്കുന്നതില്‍ പരാജയപ്പെട്ടു, എന്ന് മക്മഹോണിന്റെ കത്തില്‍ പറയുന്നു. സര്‍വകലാശാല 'ഈ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിച്ചു എന്നും കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തിന്റെ പ്രഖ്യാപനത്തെ ഹാര്‍വാര്‍ഡ് അപലപിച്ചു. കത്തിലെ ആവശ്യങ്ങള്‍ സര്‍വകലാശാലയില്‍ 'അഭൂതപൂര്‍വവും അനുചിതവുമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും 'ഉന്നത വിദ്യാഭ്യാസത്തിന് ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഒരു ഹാര്‍വാര്‍ഡ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

'ഹാര്‍വാര്‍ഡ് നിയമം പാലിക്കുന്നത് തുടരും, വീക്ഷണ വൈവിധ്യത്തോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കുകയും നമ്മുടെ സമൂഹത്തില്‍ ജൂതവിരുദ്ധതയെ ചെറുക്കുകയും ചെയ്യുമെന്ന്  പ്രസ്താവനയില്‍ പറയുന്നു. 'അമേരിക്കക്കാരെ കൂടുതല്‍ സുരക്ഷിതരാക്കുന്ന ഗവേഷണവും നവീകരണവും തടയുക എന്ന ലക്ഷ്യത്തോടെയുള്ള നിയമവിരുദ്ധമായ സര്‍ക്കാര്‍ അതിക്രമങ്ങള്‍ക്കെതിരെ ഹാര്‍വാര്‍ഡ് പ്രതിരോധം തുടരുമെന്ന് പ്രസ്താവനയില്‍ സര്‍വകലാശാല വ്യക്തമാക്കി.

കത്തില്‍ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹാര്‍വാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍,സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഏതൊരു പൊതു ധനസഹായവും നിര്‍ത്തുമെന്ന് ട്രംപ് ഭരണകൂടത്തില്‍ നിന്നുള്ള കത്തില്‍ പറയുന്നു.

'ഹാര്‍വാര്‍ഡ് പൊതു ധനസഹായമുള്ള ഒരു സ്ഥാപനമായി മാറുന്നത് അവസാനിപ്പിക്കും, പകരം അതിന്റെ ഭീമമായ എന്‍ഡോവ്‌മെന്റും അതിന്റെ സമ്പന്നരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം സ്വരൂപിച്ചും സ്വകാര്യ ധനസഹായമുള്ള ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കേണ്ടിവരുമെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്.

ഈ നീക്കം ഗവേഷണ ഗ്രാന്റ് ഫണ്ടിംഗിനെയാണ് പ്രധാനമായി ലക്ഷ്യമിടുന്നതെന്നും ഫെഡറല്‍ ഗ്രാന്റുകളെയോ വിദ്യാര്‍ത്ഥി വായ്പാ ഫണ്ടിംഗിനെയോ ഇത് ബാധിക്കില്ലെന്ന് ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ നീക്കത്തിലൂടെ  'പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളറിലധികം' ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ട്രംപ് ഭരണകൂടം ഇതിനകം തന്നെ 2.2 ബില്യണ്‍ ഡോളര്‍ മള്‍ട്ടിഇയര്‍ ഫെഡറല്‍ ഫണ്ടിംഗ് മരവിപ്പിച്ചിട്ടുണ്ട്.

'എല്ലാ ഫെഡറല്‍ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് സര്‍ക്കാരിനെ തൃപ്തിപ്പെടുത്തുന്നതിനായി സര്‍ക്കാരുമായി ഒരു ചര്‍ച്ചനടത്തിയാല്‍ ധനസഹായം പുനഃസ്ഥാപിക്കാന്‍ ട്രംപ് ഭരണകൂടം ഹാര്‍വാര്‍ഡുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.