ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന് ഉണ്ടായേക്കും; എ രാജ എംഎല്‍എയ്ക്കും സിപിഎമ്മിനും നിര്‍ണായകം

ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി വിധി ഇന്ന് ഉണ്ടായേക്കും; എ രാജ എംഎല്‍എയ്ക്കും സിപിഎമ്മിനും നിര്‍ണായകം


ന്യൂഡല്‍ഹി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും. കോടതി വിധി എ രാജ എംഎല്‍എയ്ക്കും സിപിഎമ്മിനും നിര്‍ണായകമാണ്. എ രാജയുടെ സ്ഥാനാര്‍ത്ഥിത്വം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കോടതിയെ സമീപിച്ചത്.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് ചോദ്യം ചെയ്താണ് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ ഡി കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി.

എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ രേഖകള്‍ ഹാജരാക്കിയാണ് രാജ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന ഹര്‍ജിക്കാരന്റെ വാദവം കോടതി അംഗീകരിച്ചിരുന്നു.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എ രാജ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മാട്ടുപ്പെട്ടി കുണ്ടള എസ്‌റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണിഎസ്തര്‍ ദമ്പതികളുടെ മകനായി ജനിച്ച എ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്നാണ് കുമാര്‍ കോടതിയില്‍ വാദിച്ചത്. രാജയുടെ വിവാഹഫോട്ടോ അടക്കം തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു.