വനിത നല്‍കിയ അപകീര്‍ത്തി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം

വനിത നല്‍കിയ അപകീര്‍ത്തി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട ഷാജന്‍ സ്‌കറിയയ്ക്ക് ഉപാധികളോടെ ജാമ്യം


തിരുവനന്തപുരം: വിദേശ മലയാളിയും വ്യവസായിയുമായ വനിതയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയെന്ന പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയ അറസ്റ്റിൽ.

മാഹി സ്വദേശിനി ഘാന വിജയൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് തിങ്കളാഴ്ച രാത്രി കുടപ്പനക്കുന്നിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച അർധ രാത്രിയോടെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മെജിസ്‌ട്രേറ്റ് ശ്വേത ശശികുമാറിന് മുന്നിൽ ഹാജരാക്കിയ ഷാജൻ സ്‌കറിയയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.

യു.എ.ഇയിൽ വ്യവസായിയായ ഘാന വിജയനെതിരെ അപകീർത്തികരമായ വിഡിയോ നിർമിച്ച് യൂട്യൂബിൽ പ്രചരിപ്പിച്ചെന്നാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കും മാസങ്ങൾക്കുമുമ്പ് ഘാന ഇമെയിൽ വഴി പരാതി നൽകിയിരുന്നു.

വഞ്ചിയൂരിലെ എ.സി.ജെ.എം കോടതിയിൽ നേരിട്ട് ഹാജരായി രഹസ്യമൊഴിയും നൽകി. കോടതിയിലെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പും ഐ.ടി നിയമത്തിലെ 120ാം വകുപ്പും ചുമത്തി അറസ്റ്റ് ചെയ്തത്.

ഷാജന്‍ സ്‌കറിയ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍, ജാതീയ അധിക്ഷേപം, അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കേസുകള്‍.
2021 ല്‍ ലോക്ഡൗണ്‍ കാലത്ത് ഒരു അഭിഭാഷകനെതിരെ മറുനാടന്‍ മലയാളിയിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ ഷാജനെതിരെ കേസെടുത്തിരുന്നു. തിരുവനന്തപുരം ബാര്‍ അസോസിയേഷന്റെ പരാതിയിലായിരുന്നു നടപടി.
2022 ല്‍ ബിനീഷ് കോടിയേരിയുടെ ചിത്രം എഡിറ്റ് ചെയ്ത് വ്യാജമായി പ്രചരിപ്പിച്ചുവെന്ന ആരോപണത്തില്‍ സൈബര്‍ പോലീസ് ഷാജനെതിരെ കേസെടുത്തു.
2018ല്‍ ടൈഡിംഗ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ബിഎസ്എന്‍എല്‍ ഫോണ്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ ഷാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തൃക്കാക്കര പോലീസ് നിലമ്പൂരില്‍ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 2023 ല്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ വ്യാജ വാര്‍ത്തകളും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും നടത്തിയെന്ന ആരോപണത്തില്‍ എളമക്കര പോലീസ് കേസെടുത്തു. എസ്‌സിഎസ്ടി അതിക്രമ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളി.
സുപ്രീം കോടതി 2023 ജൂലൈയില്‍ ഷാജന്റെ അറസ്റ്റ് തടഞ്ഞു, എസ്‌സിഎസ്ടി നിയമം ഈ കേസില്‍ ബാധകമല്ലെന്ന് വ്യക്തമാക്കി. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെങ്കിലും എസ്‌സിഎസ്ടി നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വാദം കോടതി ശരിവച്ചു.
2024 ല്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എയ്‌ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ എളമക്കര പോലീസ് ഷാജനെ അറസ്റ്റ് ചെയ്തു. പട്ടികജാതി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിരുന്നു.
മിക്ക കേസുകളിലും ഹൈക്കോടതിയോ സുപ്രീം കോടതിയോ ഇടപെട്ടപ്പോള്‍ ഷാജന് ജാമ്യം ലഭിച്ചു .
ഷാജന്റെ കേസുകള്‍ പലതും രാഷ്ട്രീയ പ്രേരിതമാണെന്ന് അനുയായികള്‍ വാദിക്കാറുണ്ട്. ചില കേസുകളില്‍ വിചാരണ നടക്കുന്നുണ്ട്.