യു.എസിൽ പൊലീസ് ചമഞ്ഞ് വയോധികയുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

യു.എസിൽ പൊലീസ് ചമഞ്ഞ് വയോധികയുടെ പണം തട്ടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ


ന്യൂയോർക്ക്: യു.എസിൽ പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയുടെ പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിൽ. ഒഹായോയിലെ സിൻസിനറ്റി പ്രദേശത്ത് താമസിക്കുന്ന 21കാരനായ കൃഷ്ണകുമാർ സിങ്ങിനെയാണ് ഗിൽഫോർഡ് കൗണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 2024 മുതൽ വിദ്യാർഥി വിസയിൽ യു.എസിൽ കഴിയുകയാണ് ഇയാൾ.

78കാരിയായ നോർത്ത് കരോലൈന സ്വദേശിയുടെ പണം തട്ടാനാണ് ഇയാൾ ശ്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും ഫെഡറൽ ഏജന്റുമാരുമാണെന്ന് അവകാശപ്പെട്ട് ചിലർ നിരന്തരം ഫോണിൽ ബന്ധപ്പെടുന്നതായി വയോധിക പൊലീസിൽ പരാതി നൽകുകയായിരുന്നു. ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വയോധികയുടെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് ഫോണിൽ ബന്ധപ്പെട്ടവർ അവകാശപ്പെടുകയും ബാങ്ക് അക്കൗണ്ടുകൾ ചോർന്നതിനാൽ 'സുരക്ഷക്കായി' വൻ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഫെഡറൽ ഏജന്റ് എന്ന നിലയിൽ പണം കൈപ്പറ്റാൻ എത്തിയപ്പോഴാണ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഗിൽഫോർഡ് കൗണ്ടി തടങ്കൽ കേന്ദ്രത്തിലാണ് സിങ്.