സാന്‍ ഡീഗോയ്ക്ക് സമീപം ബോട്ട് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്കേറ്റു, 7 പേരെ കാണാതായി

സാന്‍ ഡീഗോയ്ക്ക് സമീപം ബോട്ട് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് പരിക്കേറ്റു, 7 പേരെ കാണാതായി


സാന്‍ ഡീഗോ:  സാന്‍ ഡീഗോയ്ക്ക് സമീപമുള്ള സമുദ്രത്തില്‍ ഒരു ചെറിയ ബോട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്കേറ്റു, ഏഴ് പേരെ കാണാതായതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.തിങ്കളാഴ്ചയാണ് അപകടം.

ടോറി പൈന്‍സ് സ്‌റ്റേറ്റ് ബീച്ചിനടുത്തുള്ള സാന്‍ ഡീഗോ നഗരമധ്യത്തില്‍ നിന്ന് ഏകദേശം 15 മൈല്‍ വടക്ക് വെള്ളത്തില്‍ കാണാതായ ഒമ്പത് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് ആദ്യം എക്‌സില്‍ അറിയിച്ചെംങ്കിലും പിന്നീട് കാണാതായവരുടെ എണ്ണം ഏഴായി തിരുത്തി. കാണാതായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തിങ്കളാഴ്ച വൈകുന്നേരവും തിരച്ചില്‍ തുടരുകയാണെന്ന് ഏജന്‍സി സ്ഥിരീകരിച്ചു.

പരിക്കേറ്റ നാല് പേരെ ആശുപത്രികളിലേക്ക് അയച്ചതായി അധികൃതര്‍ പറഞ്ഞു. അവരില്‍ ചിലരുടെ പരിക്കുകള്‍ നേരിയതോതില്‍ ആണെന്നും ചിലരുടേത് ഗുരുതരമാണെന്നും എന്‍സിനിറ്റാസ് ഡെപ്യൂട്ടി ഫയര്‍ ചീഫ് ജോര്‍ജ് സാഞ്ചസ് പറഞ്ഞു.

വെള്ളത്തില്‍ വീണ ഏഴുപേരുടെ സുരക്ഷയെക്കുറിച്ച് സ്ഥിരീകരണമില്ലാത്തതിനാല്‍ സംഭവം 'ഒരു കൂട്ട ദുരന്തമായി മാറാന്‍ സാധ്യതയുണ്ട്' എന്ന് സാഞ്ചസ് പറഞ്ഞു.

12 അടി നീളമുള്ള ബോട്ട് എവിടെ നിന്നാണ് വരുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ആകെ 17 ലൈഫ് ജാക്കറ്റുകള്‍ കണ്ടെത്തിയെങ്കിലും, മറിഞ്ഞ പംഗ ശൈലിയിലുള്ള ബോട്ടില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് കൃത്യമായി വ്യക്തമല്ലെന്ന് അധികൃതരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ടോറി പൈന്‍സ് സ്‌റ്റേറ്റ് ബീച്ചിലെ ഹൈക്കര്‍മാരും മറ്റുള്ളവരും രാവിലെ 6:30 ഓടെ തീരത്തിനടുത്ത് ഒരു ബോട്ട് മറിഞ്ഞത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതായി സാന്‍ ഡീഗോ ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റിലെ ലെഫ്റ്റനന്റ് നിക്ക് ബാക്കൗറിസ് സിഎന്‍എന്നിനോട് സ്ഥിരീകരിച്ചു.