ന്യൂഡൽഹി : ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. കശ്മീരിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് അവർക്ക് തക്കതായ മറുപടി നൽകുമെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി പറഞ്ഞു.
പാകിസ്താനുമായുള്ള ബന്ധം കലുഷിതമാകുന്നതിനിടെ സിവിൽ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളോട് മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ആക്രമണം ഉണ്ടായാൽ നേരിടേണ്ട ഒരുക്കങ്ങളിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് മോക് ഡ്രിൽ നടത്താൻ നിർദേശം നൽകിയത്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം. അടിയന്തര സാഹചര്യങ്ങളിൽ ബ്ലാക്ക് ഔട്ട് സംവിധാനങ്ങൾ ഒരുക്കുന്നതും സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നതും പരിശീലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒഴിപ്പിക്കൽ പദ്ധതി പരിഷ്‌കരിക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പൊതുജനത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് മോക് ഡ്രിൽ നടത്തുന്നത്.
ഏതുനിമിഷവും ഇന്ത്യ ആക്രമിച്ചേക്കും; മുന്നറിയിപ്പുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
