ന്യൂഡല്‍ഹി: ദേവികുളം നിയമസഭാമണ്ഡലത്തില്‍ നിന്നും എ രാജയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസ് അഹ്‌സനുദീന്‍ അമാനുള്ളയുടെ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിപ്പിച്ചത്.
എ രാജ 7000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജി പരിഗണിച്ചാണ് 2023 മാര്‍ച്ചില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. സംവരണസീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി വിധി. ഹൈക്കോടതി വിധിക്കെതിരെ രാജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തിരുന്നു. എ രാജയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി, അഡ്വ. ജി പ്രകാശ് എന്നിവര്‍ ഹാജരായി.
എ രാജയ്ക്ക് അധികൃതര്‍ അനുവദിച്ച ജാതിസര്‍ട്ടിഫിക്കറ്റിന്റെ നിയമസാധുത ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സുപ്രിംകോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. 1951ലെ രാഷ്ട്രപതിയുടെ ഉത്തരവിന്റെ ആനുകൂല്യം എ രാജയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്ക് ലഭിക്കില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദവും സുപ്രിംകോടതി ചോദ്യം ചെയ്തു.
1951ലെ ഉത്തരവ് അനുസരിച്ച് രാജയുടെ പിതാവിന്റെ മാതാപിതാക്കള്‍ 'സ്ഥിരനിവാസികളായി' കണക്കാക്കാന്‍ സാധിക്കില്ലെന്ന് ആയിരുന്നു ഡി കുമാറിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ നരേന്ദര്‍ഹൂഡയുടെ വാദം. ആ ഉത്തരവിലെ 'സ്ഥിരനിവാസി' എന്ന പ്രയോഗത്തെ വ്യാഖാനിക്കുന്ന കോടതിയുടെ മുന്‍ഉത്തരവുകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് അഭയ് എസ് ഓഖ നിര്‍ദേശിച്ചു. കൃത്യമായ വ്യാഖാനമുള്ള വിധിന്യായങ്ങള്‍ ലഭ്യമല്ലെന്നും സമാനമായ വിഷയത്തിലുള്ള മറ്റ് വിധിന്യായങ്ങള്‍ ഉപയോഗിച്ച് വാദങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കണമെന്നും നരേന്ദര്‍ഹൂഡ അപേക്ഷിച്ചു.
എന്നാല്‍, ഈ അപേക്ഷ അംഗീകരിക്കാന്‍ കഴിയില്ലെന്നും പഴയ വാദങ്ങള്‍ ആവര്‍ത്തിച്ച് കോടതിയുടെ സമയം പാഴാക്കരുതെന്നും സുപ്രീംകോടതി തിരിച്ചടിച്ചു. രാജയുടെ പിതാവിന്റെ മാതാപിതാക്കള്‍ തമിഴ്‌നാട്ടിലെ സ്ഥിരവാസികളാണെന്ന നരേന്ദര്‍ഹൂഡയുടെ വാദവും ജസ്റ്റിസ് അഭയ് എസ് ഓഖ അംഗീകരിച്ചില്ല
എ രാജയുടെ വിജയം ശരിവെച്ച് സുപ്രീംകോടതി; അയോഗ്യനാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി
