ഭീകരാക്രമണത്തെക്കുറിച്ച് മോഡി മൂന്നുദിവസം മുമ്പ് അറിഞ്ഞിരുന്നു; കശ്മീർ സന്ദർശനം മാറ്റി-ആരോപണവുമായി മല്ലികാർജുൻ ഖാർഗെ

ഭീകരാക്രമണത്തെക്കുറിച്ച് മോഡി മൂന്നുദിവസം മുമ്പ് അറിഞ്ഞിരുന്നു; കശ്മീർ സന്ദർശനം മാറ്റി-ആരോപണവുമായി മല്ലികാർജുൻ ഖാർഗെ


ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കിട്ടിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ റിപ്പോർട്ടിനെ തുടർന്നാണ് മോഡി കശ്മീർ സന്ദർശനം മാറ്റിവച്ചതെന്നും ഖാർഗെ ആരോപിച്ചു

പഹൽഗാമിൽ ഭീകരാക്രമണമുണ്ടാകാൻ കാരണം ഇന്റലിജൻസ് വീഴ്ചയാണെന്നും ഖാർഗെ പറഞ്ഞു. അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. ആക്രമണമുണ്ടാകുമെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ട് നടപടികളെടുത്തില്ലെന്നും ഖാർഗെ ചോദിച്ചു. ആക്രമണമുണ്ടാകുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് ലഭിച്ചുവെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മോഡിയുടെ കശ്മീർ സന്ദർശനം റദ്ദാക്കിയതെന്നും ഖാർഗെ ആരോപിച്ചു. മാത്രമല്ല, താനിത് പത്രങ്ങളിൽ വായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22ന് ബൈസരൻവാലിയിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന സർവകക്ഷിയോഗത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സർക്കാർ സമ്മതിച്ചതായി പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നു. ഭീകരാക്രമണ ഉണ്ടായതിന്റെ ദിവസങ്ങൾക്ക് മുമ്പ് ശ്രീനഗറിലുൾപ്പെടെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് പ്രധാനമന്ത്രിക്കെതിരെ ഖാർഗെ രംഗത്തുവന്നത്.