അടുത്ത വര്‍ഷം കാനഡയില്‍ നിന്ന് വേര്‍പിരിയുന്നതിനെക്കുറിച്ചുള്ള ഒരു റഫറണ്ടം നടത്തുമെന്ന് കാനഡയിലെ എണ്ണ സമ്പന്നമായ ആല്‍ബെര്‍ട്ട പ്രവിശ്യയുടെ പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഇതിനായി പൗരന്മാരുടെ നേതൃത്വത്തില്‍ നിവേദനം തയ്യാറാക്കി ഒപ്പുശേഖരണം നടത്തുകയാണ്. ആവശ്യക്കാരുടെ എണ്ണം എത്തിയാല്‍ റഫറണ്ടം നടത്താനാണ് നീക്കം.
കാനഡയില്‍ നിന്ന് പ്രവിശ്യ വിടുന്നതിനെ താന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നില്ലെന്നും ഐക്യ കാനഡയ്ക്കുള്ളില്‍ ശക്തവും പരമാധികാരവുമുള്ള ആല്‍ബെര്‍ട്ടയ്ക്കുള്ള 'മുന്നോട്ടുള്ള പാത' പ്രതീക്ഷിക്കുന്നുണ്ടെന്നും ഡാനിയേല്‍ സ്മിത്ത് ഒരു തത്സമയ പ്രസംഗത്തില്‍ പറഞ്ഞു.
'കഴിഞ്ഞ ദശകത്തില്‍ പലകാരണങ്ങള്‍ പറഞ്ഞ് ഫെഡറല്‍ സര്‍ക്കാര്‍ നമ്മുടെ പ്രവിശ്യയെ ആക്രമിക്കുന്നത് തുടരുകയാണെങ്കില്‍, ഒടുവില്‍ നമ്മള്‍ സ്വതന്ത്ര ആല്‍ബെര്‍ട്ട സ്ഥാപിക്കുന്നതായിരിക്കും', അവര്‍ പറഞ്ഞു.
'ലിബറലുകളുടെ ഫെഡറല്‍ സര്‍ക്കാരിന് പുതുതായി ലഭിച്ച ജനവിധി അംഗീകരിക്കുമെന്ന് സ്മിത്ത് പറഞ്ഞു.' പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ലിബറല്‍ പാര്‍ട്ടിയെ തുടര്‍ച്ചയായ നാലാമത്തെ ഫെഡറല്‍ സര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് നയിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് പ്രീമിയര്‍ സ്മിത്തിന്റെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാനഡയെ തീരുവകള്‍ ചുമത്തി ഭീഷണിപ്പെടുത്തുകയും രാജ്യം 51ാമത്തെ സംസ്ഥാനമായി മാറുമെന്ന ചര്‍ച്ച തുടരുകയും ചെയ്യുന്നതിനിടയിലാണ് റഫറണ്ടത്തെക്കുറിച്ചുള്ള ആല്‍ബര്‍ട്ട പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ആല്‍ബര്‍ട്ടയിലെ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ നിരവധി മാറ്റങ്ങളാണ് ബില്‍ 54 നിര്‍ദ്ദേശിക്കുന്നത്. ഒരു റഫറണ്ടത്തിന് തുടക്കമിടുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥകളിലും പുതിയ ബില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടെ കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ പത്ത് ശതമാനം പേരുടെ ഒപ്പ് ലഭിച്ചാല്‍ റഫറണ്ടത്തിനു തുടക്കമിടാം. നേരത്തെ ഒരു റഫറണ്ടം തുടങ്ങണമെങ്കില്‍ ആകെ വോട്ടര്‍മാരുടെ 20% പേരുടെ ഒപ്പ് ആവശ്യമായിരുന്നു. കൂടാതെ ഒപ്പുശേഖരണത്തിനുള്ള പരിധി 90 ദിവസത്തില്‍ നിന്നും 120 ദിവസമായി ദീര്‍ഘിപ്പിച്ചു.
