വേടന്റെ പുലിപ്പല്ലില്‍ വനം ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വേടന്റെ പുലിപ്പല്ലില്‍ വനം ഉദ്യോഗസ്ഥന് സ്ഥലം മാറ്റം


തിരുവനന്തപുരം: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ വനം ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടി. കോടനാട് റേഞ്ച് ഓഫിസര്‍ അധീഷിനെ സ്ഥലം മാറ്റിയാണ് ഉത്തരവായത്. ഇദ്ദേഹത്തെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്കാണ് സ്ഥലം മാറ്റിയത്.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചട്ടം ലംഘിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ച സംഭവത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. റാപ്പര്‍ വേടന് ശ്രീലങ്കന്‍ ബന്ധമുണ്ടെന്നതടക്കം സ്ഥിരീകരണമില്ലാത്ത വിവരങ്ങളും അന്വേഷണം പൂര്‍ത്തിയാവും മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. ഇത് ശരിയായ അന്വേഷണ രീതിയല്ലെന്ന് വിലയിരുത്തിയാണ് നടപടി.

വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലംമാറ്റമെന്നാണ് മന്ത്രിയുടെ ഓഫിസില്‍ നിന്നു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരന്റെ നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയാണ് നീക്കം.

വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.