ന്യൂയോര്‍ക്ക്: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തില്‍ പാക്കിസ്ഥാന് രൂക്ഷ വിമര്‍ശനം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷാവസ്ഥ വഷളാക്കിയത് പാക്കിസ്ഥാന്റെ നടപടികളാണെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയ്ക്ക് ഭീകരാക്രമണത്തിലുള്ള പങ്കിനെക്കുറിച്ച് അംഗങ്ങള്‍ പാക്കിസ്ഥാനോട് വിശദീകരണം തേടി. പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരേ നിരന്തരം ആണവായുധ ഭീഷണി മുഴക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.
സംഘര്‍ഷാവസ്ഥ ഉടലെടുത്ത ശേഷം പാക്കിസ്ഥാന്‍ രണ്ടു വട്ടം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍ രക്ഷാ സമിതി ആശങ്ക പ്രകടിപ്പിച്ചു. സമിതിയില്‍ വീറ്റോ അധികാരമുള്ള അഞ്ച് സ്ഥിരാംഗങ്ങളും വീറ്റോ അധികാരമില്ലാത്ത പത്ത് താത്കാലിക അംഗങ്ങളുമാണുള്ളത്. താത്കാലിക അംഗരാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍.
ചൈന, ഫ്രാന്‍സ്, റഷ്യ, യു കെ, യു എസ് എന്നിവയാണ് രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങള്‍. പാക്കിസ്ഥാനെ കൂടാതെ അള്‍ജീരിയ, ഡെന്‍മാര്‍ക്ക്, ഗ്രീസ്, ഗയാന, പനാമ, തെക്കന്‍ കൊറിയ, സിയെറ ലിയോണ്‍, സ്ലോവേനിയ, സോമാലിയ എന്നിവ ഇപ്പോള്‍ താത്കാലിക അംഗങ്ങളാണ്.
ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ രക്ഷാസമിതി അംഗങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു. മതം അടിസ്ഥാനമാക്കിയാണ് വിനോദസഞ്ചാരികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെല്ലാം നിഷേധിക്കുന്നതായി രക്ഷാസമിതിയിലെ പാക് പ്രതിനിധി അസിം ഇഫ്തിക്കര്‍ പറഞ്ഞു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇഫ്തിക്കര്‍ ആരോപിച്ചു.
സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കപ്പെടുമെന്ന് ചര്‍ച്ചയ്ക്കു ശേഷം റഷ്യന്‍ പ്രതിനിധി പ്രതീക്ഷ പ്രകടിപ്പിച്ചു. സൈനിക നടപടി ഒന്നിനും പരിഹാരമല്ലെന്ന് ചര്‍ച്ചയ്ക്കു മുന്‍പേ യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഗുട്ടറെസ് പറഞ്ഞു.