ടൊറന്റോ: ടൊറന്റോയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും എതിരെ ആക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മീഷനെ 'ശക്തമായ വാക്കുകളില്‍' ആശങ്ക അറിയിച്ചു. പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി യുടെ തെരഞ്ഞെടുപ്പുവിജയത്തിനു ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ആശയവിനിമയമാണിത്.
ടൊറന്റോയില്‍ നടന്ന ഖലിസ്ഥാനികളുടെ പരേഡില്‍ ഇന്ത്യന്‍ നേതാക്കള്‍ക്കും കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും എതിരെ അസ്വീകാര്യമായ ചിത്രങ്ങളും ഭീഷണി ഭാഷയും ഉപയോഗിച്ചതിനെക്കുറിച്ചുള്ള ഞങ്ങളുടെ ആശങ്കകള്‍ ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷനെ ഞങ്ങള്‍ ശക്തമായ വാക്കുകളില്‍ അറിയിച്ചുവെന്ന്
ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'വിദ്വേഷം പ്രചരിപ്പിക്കുകയും തീവ്രവാദവും വിഘടനവാദ അജണ്ടയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വീണ്ടും കനേഡിയന്‍ അധികാരികളോട് ആവശ്യപ്പെട്ടുവെന്ന് കാനഡയോട് അതൃപ്തി പ്രകടിപ്പിച്ചതിന് ശേഷം ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാര്‍ണിയുടെ വിജയത്തെ ഇന്ത്യാ ഗവണ്‍മെന്റ് സ്വാഗതം ചെയ്തിരുന്നു.
'കാനഡയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് @MarkJCarney യ്ക്കും വിജയത്തിന് ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍. ഇന്ത്യയും കാനഡയും പങ്കിട്ട ജനാധിപത്യ മൂല്യങ്ങള്‍, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ഊര്‍ജ്ജസ്വലമായ ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയാല്‍ ബന്ധിതമാണ്. ഞങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഞങ്ങളുടെ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനും നിങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'ഒട്ടാവയിലേക്ക് അഭിനന്ദന സന്ദേശം അയച്ചുകൊണ്ട് പ്രധാനമന്ത്രി മോഡി പറഞ്ഞു:
ഞായറാഴ്ച, ടൊറന്റോയില്‍ നടന്ന വമ്പന്‍ ഖാലിസ്ഥാന്‍ അനുകൂല റാലിയില്‍ 'ഇന്ത്യയെ കൊല്ലുക' പോലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിക്കുകയും പ്രധാനമന്ത്രി മോഡി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തു. മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ റാലിയില്‍ കാനഡയിലെ ഇന്ത്യക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഖാലിസ്ഥാന്‍ അനുകൂല പ്രസംഗകനായ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ ഇന്ത്യന്‍ ഏജന്റുമാര്‍ കൊലപ്പെടുത്തിയതായി മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ച 2023 സെപ്റ്റംബര്‍ മുതല്‍ കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം മരവിപ്പിക്കപ്പെട്ടനിലയിലാണ്. തുടര്‍ന്ന്, കാനഡയില്‍ വര്‍ദ്ധിച്ചുവരുന്ന ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പലതവണ കനേഡിയന്‍ അധികാരികളോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ട്രൂഡോ സര്‍ക്കാര്‍ 'വോട്ട് ബാങ്ക്' രാഷ്ട്രീയം കളിക്കുകയാണെന്നാണ് അക്കാലത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വിശേഷിപ്പിച്ചത്.
2024 ഒക്ടോബര്‍ 14 ന്, ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായതിനാല്‍, ഒട്ടാവയില്‍ നിന്നുള്ള തങ്ങളുടെ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മയെ ഇന്ത്യ പിന്‍വലിക്കുകയും ചെയ്തു.
