ജയ്സാല്‍മീര്‍: പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐ എസ് ഐയ്ക്കു വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി രാജസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അറസ്റ്റ്.
ജയ്സാല്‍മീര്‍ ജില്ലയിലെ തന്ത്രപ്രധാനവും അതീവ സെന്‍സിറ്റീവുമായ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശം നിരീക്ഷിച്ചുകൊണ്ടിരിക്കെ ജയ്സാല്‍മീറിലെ സീറോ ആര്‍ഡി മോഹന്‍ഗഢിലെ താമസക്കാരനായ പത്താന്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2013-ല്‍ പത്താന്‍ ഖാന്‍ പാകിസ്ഥാനിലേക്ക് പോയതായും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
പണം നല്‍കി വരുതിയിലാക്കിയ പത്താന്‍ ഖാന് പാകിസ്ഥാനില്‍ ചാരവൃത്തിയില്‍ പരിശീലനം ലഭിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൂടിക്കാഴ്ചകളിലും സോഷ്യല്‍ മീഡിയ വഴിയും ജയ്സാല്‍മീര്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ സെന്‍സിറ്റീവ്, രഹസ്യ വിവരങ്ങള്‍ പത്താന്‍ ഖാന്‍ നിരന്തരമായി പങ്കുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്രോതസ്സുകള്‍ പ്രകാരം, പണത്തിന് പകരമായി ചാരപ്പണി നടത്തുന്നതിന് ഖാന്‍ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നല്‍കിയിരുന്നു.
പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തുന്ന ചാരപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് (എസ് എസ് ബി), ജയ്പൂരിലെ ജോയിന്റ് ഇന്ററോഗേഷന്‍ സെന്ററില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ ഖാനെ ചോദ്യം ചെയ്തതായി പറഞ്ഞു. വസ്തുതകള്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന്, 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താന്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പാക്കിസ്ഥാനുമായി അന്താരാഷ്ട്ര അതിര്‍ത്തിയിലെ തന്ത്രപരമായതും പ്രധാനപ്പെട്ടതുമായ പ്രദേശമാണ് ജയ്സാല്‍മീര്‍.