പഹല്‍ഗാം ഭീകരാക്രമണ ദിവസം കട തുറക്കാത്തയാളെ എന്‍ ഐ എ ചോദ്യം ചെയ്തു

പഹല്‍ഗാം ഭീകരാക്രമണ ദിവസം കട തുറക്കാത്തയാളെ എന്‍ ഐ എ ചോദ്യം ചെയ്തു


ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് 15 ദിവസം മുമ്പ് പ്രദേശത്ത് കട ആരംഭിച്ചയാള്‍ സംഭവ ദിവസം  കട തുറന്നിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) ഉള്‍പ്പെടെ നിരവധി കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്യുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 22ലെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്ന എന്‍ ഐ എ ഇതിനകം 100ഓളം നാട്ടുകാരെ ചോദ്യം ചെയ്തിട്ടുണ്ട്. സംഭവ ദിവസം കട തുറക്കാത്ത ആളെക്കുറിച്ച് കേന്ദ്ര ഏജന്‍സിക്ക് അറിയാനായത് ചോദ്യം ചെയ്യലിലാണ്.

ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന എല്ലാ നാട്ടുകാരുടെയും പട്ടിക എന്‍ ഐ എ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ അവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും കേന്ദ്ര ഏജന്‍സികളുടെ വൃത്തങ്ങള്‍ പറഞ്ഞു. പോണി ഓപ്പറേറ്റര്‍മാര്‍, കടയുടമകള്‍, ഫോട്ടോഗ്രാഫര്‍മാര്‍, സാഹസിക കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ 100 നാട്ടുകാരെ അവര്‍ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്. അവരില്‍ ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അവരുടെ ഉച്ചാരണത്തിന്റെ അടിസ്ഥാനത്തിലോ അക്രമികള്‍ അവരുടെ വിശ്വാസം സ്ഥിരീകരിച്ചതിന് ശേഷമോ തങ്ങളെ ഒഴിവാക്കിയതായി പറഞ്ഞതായി അറിയുന്നുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഒരു വിനോദസഞ്ചാരി റെക്കോര്‍ഡുചെയ്ത വീഡിയോകളില്‍ ഒന്നില്‍ 'അല്ലാഹു അക്ബര്‍' എന്ന് ജപിക്കുന്നത് കണ്ട സിപ്പ്ലൈന്‍ ഓപ്പറേറ്ററെ എന്‍ഐ എ ചോദ്യം ചെയ്യുകയും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു. 'അല്ലാഹു അക്ബര്‍' എന്ന് ജപിക്കുന്ന സമയത്ത് അയാള്‍ ഭയന്നുപോയതായും ഉടന്‍ തന്നെ സ്ഥലം വിട്ടതായും ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തി. വീട്ടിലെത്തിയിട്ടും പൊലീസ് ഉള്‍പ്പെടെ ആരെയും അയാള്‍ അറിയിച്ചില്ല. വൈകുന്നേരം അയാള്‍ തന്റെ സുഹൃത്തിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2023 ഓഗസ്റ്റില്‍ ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇതേ സംഘത്തിന് പങ്കുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിലും ഈ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.