സിഎസ്‌ഐ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

സിഎസ്‌ഐ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി


ന്യൂഡല്‍ഹി:  സിഎസ്‌ഐ സഭാ തര്‍ക്കത്തില്‍ നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി. സിഎസ്‌ഐ സിനഡിനെ പുറത്താക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. ധര്‍മ്മരാജ് റസാലത്തെ സഭാ മോഡറേറ്ററാക്കിയ നടപടി ജസ്റ്റിസ് ബെലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് മരവിപ്പിക്കുകയും ചെയ്തു.

2023 ജനുവരിയില്‍ നടന്ന സിഎസ്‌ഐ സിനഡ് തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. സിനഡ് ഭാരവാഹികളുടെ അടക്കം തെരഞ്ഞെടുപ്പ് നടന്നത് നിയമപ്രകാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഭാരവാഹികള്‍ക്ക് തുടരാം.

തെരഞ്ഞെടുപ്പ് ശരിവെച്ച മദ്രാസ് ഹൈക്കോടതി സിംഗള്‍ ബെഞ്ച് ഉത്തരവാണ് നിലനില്‍ക്കുന്നത് എന്ന് ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ വ്യക്തമാക്കി. സിഎസ്‌ഐ സഭയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ ഡിവിഷന്‍ ബെഞ്ച് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച രണ്ടു മുന്‍ ജഡ്ജിമാര്‍ക്ക് ചുമതല കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഈ നടപടിയും സുപ്രീം കോടതി റദ്ദാക്കി.

എന്നാല്‍ സഭയിലെ പുരോഹിതരുടെ വിരമിക്കല്‍ പ്രായം 67 നിന്ന് എഴുപത് ആക്കിയതടക്കം ഭരണഘടനാ ഭേദഗതികള്‍ കോടതി മരവിപ്പിച്ചു. ബിഷപ്പ് ധര്‍മരാജ് റസാലത്തെ മോഡറേറ്റര്‍ പദവിയില്‍ നിന്ന് 2023 ജൂലൈയില്‍ സിംഗിള്‍ ബഞ്ച് അയോഗ്യനാക്കിയിരുന്നു. ഇത് സുപ്രീംകോടതി ശരിവെച്ചു. കേസില്‍ റസാലത്തിനൊപ്പം സഭയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവര്‍ക്ക് അനൂകൂല നിലപാടാണ് സുപ്രീം കോടതിയില്‍ നിന്ന ഉണ്ടായതെങ്കിലും ധര്‍മ്മരാജ് റസാലത്തിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്‌