കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് വിഭാഗത്തിലെ എംആര്‍ഐ സ്‌കാനിംഗ് മുറിയിലുണ്ടായ പൊട്ടിത്തെറിയും പുകയും മൂലം മരണങ്ങള്‍ ഉണ്ടായതായി സംശയം. സംഭവത്തിനു പിന്നാലെ രക്ഷാ പ്രവര്‍ത്തനം നടത്തവെ അഞ്ചു മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതാണ് സംശയത്തിനു കാരണം. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാല്‍ ഇവരുടെ മരണം അപകടം മൂലമാണോ എന്നു അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നു യോഗം ചേരുന്നുണ്ട്.
അപകടമുണ്ടായതിനുശേഷം സ്ഥലത്തെത്തിയ ടി. സിദ്ധിഖ് എംഎല്‍എ മൂന്നുപേര്‍മരിച്ചതായി ആരോപിച്ചിരുന്നു. എന്നാല്‍ അപകടത്തില്‍ ആരും മരിച്ചട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
മെഡിക്കല്‍ കോളെജിലെ പിഎംഎസ്എസ്‌വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്‌കാന്‍ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറിയുണ്ടായതും പുക ഉയര്‍ന്നതും. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിന്‍സിപ്പല്‍ ഡോ. കെ.ജി.സജീത്ത് കുമാര്‍ പറഞ്ഞു.
പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയര്‍ന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി. ചക്രക്കസേരയിലും ട്രോളിയിലുമായി രോഗികളെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ജീവനക്കാരും വൊളന്റിയര്‍മാരും അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. അത്യാഹിത വിഭാഗത്തിനു പുറത്തെത്തിച്ച രോഗികള്‍ക്ക് അവിടെ നിന്നു ചികിത്സ നല്‍കി. പിന്നീടാണ് ആംബുലന്‍സുകളിലായി വിവിധ വാര്‍ഡുകള്‍, ഐസിയു, സ്വകാര്യ ആശുപത്രികളിലേക്ക് ഉള്‍പ്പെടെ മാറ്റിയത്.
കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അത്യാഹിതത്തിനിടെ അഞ്ചു മൃതദേഹങ്ങള്‍ മാറ്റി; മരണങ്ങളെ ചൊല്ലി വിവാദം
