പാകിസ്താന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം: ഐഎംഎഫിനോടും ലോകബാങ്കിനോടും ഇന്ത്യ

പാകിസ്താന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കണം: ഐഎംഎഫിനോടും ലോകബാങ്കിനോടും ഇന്ത്യ


ന്യൂഡല്‍ഹി : പെഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ നീക്കങ്ങളുമായി ഇന്ത്യ. പാകിസ്താന് നല്‍കുന്ന വായ്പകള്‍ പുനഃപരിശോധിക്കാന്‍ അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യോടും ലോകബാങ്കിനോടും ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്താനെതിരെ ഇന്ത്യ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യ നിധിയെയും സമീപിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്താനുള്ള ധനസഹായം നിര്‍ത്തണം എന്ന് ആവശ്യപ്പെടും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഉപയോഗിക്കുന്നുവെന്ന ആരോപണത്തില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്, എഫ്എടിഎഫിനോട് പാകിസ്താനെ വീണ്ടും ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്താനും ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ക്കായി പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖല കേന്ദ്രീകരിച്ചാണ് തെരച്ചില്‍. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിര്‍ത്തിയില്‍ കൂടുതല്‍ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്.