കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ അത്യാഹിതം; പുക നിറഞ്ഞു

കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ അത്യാഹിതം; പുക നിറഞ്ഞു


കോഴിക്കോട്: മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സി ടി സ്‌കാനറിന് സമീപത്തു നിന്നാണ് പുക ഉയര്‍ന്നത്. കെട്ടിടമാകെ പുക നിറഞ്ഞു. 

കാര്യങ്ങള്‍ നിയന്ത്രണ വിധേയമായെന്നും രോഗികളെ മാറ്റിയതായും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. 

സംഭവ സമയത്ത് രോഗികളും ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നു. രോഗികളെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളജ് വളന്റിയര്‍മാരും ബന്ധുക്കളും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. 

അത്യാഹിത വിഭാത്തിലുണ്ടായിരുന്ന രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയാണ് ചികിത്സ തുടരുന്നത്. അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി. 

അതിനിടെ അത്യാഹിത വിഭാഗത്തില്‍ നിന്നും മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചതായി ടി സിദ്ദീഖ് എം എല്‍ എ ആരോപിച്ചു. വയനാട് കോട്ടപ്പടി സ്വദേശി നസീറ (44) ആണ് മരിച്ചത്. നസീറയുടെ മൃതദേഹം കണ്ടതായും ബന്ധുക്കളോട് സംസാരിച്ചതായും എം എല്‍ എ പറഞ്ഞു. 

എത്രപേര്‍ അപകടത്തില്‍ മരിച്ചുവെന്ന കണക്ക് പുറത്തുവിടണമെന്ന ആവശ്യവും ടി സിദ്ദീഖ് എം എല്‍ എ ഉന്നയിച്ചു. എന്നാല്‍ മരണ വിവരം മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചില്ല. 

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവം അത്യന്തം ഗൗരവമേറിയതാണെന്നും ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് രോഗികള്‍ പറഞ്ഞതായും ടി സിദ്ദീഖ് എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു. അപകടമുണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ മണ്ഡലത്തിലെ മേപ്പാടിയിലെ നസീറയാണ് മരിച്ചതെന്നും മൂന്നു പേരെങ്കിലും മരിച്ചതായി തനിക്ക് അറിയാന്‍ കഴിഞ്ഞതായും എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് പുക ശാന്തമാക്കിയത്.