എന്‍ പി ആര്‍ , പി ബി എസ് തുടങ്ങിയ പൊതുമാധ്യമങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു

എന്‍ പി ആര്‍ , പി ബി എസ് തുടങ്ങിയ പൊതുമാധ്യമങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു


വാഷിംഗ്ടണ്‍: പക്ഷപാതപരമായ വാര്‍ത്താ കവറേജ്' നല്‍കുന്നുവെന്ന് ആരോപിച്ച് നാഷണല്‍ പബ്ലിക് റേഡിയോയുടെയും പിബിഎസി ന്റെയും പൊതു ഫണ്ടിംഗ് അവസാനിപ്പിക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ റസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു.

നിയമം അനുവദിക്കുന്ന പരിധി വരെ 'എന്‍പിആര്‍, പിബിഎസ് എന്നിവയ്ക്കുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കാന്‍' കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗിനോട് (CPB) ഉത്തരവിലൂടെ ട്രംപ് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാം.

''വാര്‍ത്ത' എന്ന വ്യാജേന തീവ്രവും പ്രകോപനപരവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി രണ്ട് സംഘടനകളും ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ഡോളര്‍ നികുതിദായകരുടെ ഫണ്ടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്' വൈറ്റ് ഹൗസ് വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

'സിപിബി സ്ഥാപിതമായ 1967 ല്‍ നിന്ന് വ്യത്യസ്തമായി, ഇന്ന് മാധ്യമ രംഗം സമൃദ്ധവും വൈവിധ്യപൂര്‍ണ്ണവും നൂതനവുമായ വാര്‍ത്താ ഓപ്ഷനുകളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. 'ഈ പരിതസ്ഥിതിയില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം കാലഹരണപ്പെട്ടതും അനാവശ്യവുമാണെന്ന് മാത്രമല്ല, പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ രൂപത്തെ നശിപ്പിക്കുന്നതുമാണ്.

എന്‍പിആറും പിബിഎസും പക്ഷപാതപരമാണെന്നും ഇടതുപക്ഷ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് ട്രംപും എലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ വിശ്വസ്തരും, വളരെക്കാലമായി പരാതിപ്പെടുന്നത്. അതേ സമയം രണ്ട് സംഘടനകളിലെയും എക്‌സിക്യൂട്ടീവുകള്‍ ഈ ആരോപണം ശക്തമായി നിഷേധിച്ചു. രണ്ടു വാര്‍ത്താ സംഘടനകള്‍ക്കുമുള്ള സര്‍ക്കാര്‍ ഫണ്ട് പിന്‍വലിക്കണമെന്ന് കഴിഞ്ഞ മാസം, ട്രംപ് ട്രൂത്ത് സോഷ്യലില്‍ ആവശ്യപ്പെട്ടിരുന്നു. ഇരു സംഘടനകളെയും 'നമ്മുടെ രാജ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന റാഡിക്കല്‍ ഇടതുപക്ഷ 'രാക്ഷസന്മാര്‍'!' എന്നാണ് വിശേഷിപ്പിച്ചത്.

ഇന്നുവരെ, എന്‍പിആറും പിബിഎസും ഏകദേശം അര ബില്യണ്‍ ഡോളര്‍ പൊതു പണം സ്വീകരിക്കുകയും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു. അവരുടെ ഫണ്ടിംഗിന്റെ 1% ല്‍ താഴെ മാത്രമേ പൊതു സ്രോതസ്സുകളില്‍ നിന്ന് വരുന്നുള്ളൂ എന്ന് എന്‍പിആര്‍ പറയുന്നു.

എന്നാല്‍, സിപിബി അതിന്റെ പൊതു പങ്കിന് അടിസ്ഥാനമായ നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ് ഉത്തരവില്‍ പറഞ്ഞു.

'എന്‍പിആറും പിബിഎസും ഏതൊക്കെ വീക്ഷണകോണുകള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് പ്രശ്‌നമല്ല. നികുതി അടയ്ക്കുന്ന പൗരന്മാര്‍ക്ക് നിലവിലെ സംഭവങ്ങളുടെ ന്യായമായ, കൃത്യതയുള്ള അല്ലെങ്കില്‍ പക്ഷപാതമില്ലാത്ത ചിത്രീകരണം രണ്ട് സ്ഥാപനങ്ങളും അവതരിപ്പിക്കുന്നില്ല എന്നതാണ് പ്രധാനം,- അദ്ദേഹം പറഞ്ഞു.

പിബിഎസിലും എന്‍പിആറിലും  'വാര്‍ത്ത'യായി കൈമാറുന്ന മാലിന്യം' എന്ന് ആരോപിക്കുന്ന ഒരു നീണ്ട പട്ടികയും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ആളുകളെ 'നിയമവിരുദ്ധര്‍' എന്ന് വിശേഷിപ്പിച്ചതിന് എന്‍പിആറിന്റെ ക്ഷമാപണവും (അസോസിയേറ്റഡ് പ്രസ്സിന്റെ സ്‌റ്റൈല്‍ ഗൈഡും ഇത് വിലക്കുന്നു) ഈ ആരോപണത്തിലെ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു.

 'അര്‍ദ്ധരാത്രിയില്‍ പുറപ്പെടുവിച്ച പ്രസിഡന്റിന്റെ നഗ്‌നമായ നിയമവിരുദ്ധതയുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ്, കഴിഞ്ഞ 50ലധികം വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തതുപോലെ, വിദ്യാഭ്യാസ പരിപാടികളിലൂടെ അമേരിക്കന്‍ പൊതുജനങ്ങളെ സേവിക്കാനുള്ള ഞങ്ങളുടെ കഴിവിനെ ഭീഷണിപ്പെടുത്തുകയാണെന്ന് പിബിഎസിന്റെ സിഇഒയും പ്രസിഡന്റുമായ പൗള കെര്‍ഗര്‍ വെള്ളിയാഴ്ച പറഞ്ഞു. പിബിഎസിനെ ഞങ്ങളുടെ അംഗ സ്‌റ്റേഷനുകളിലും എല്ലാ അമേരിക്കക്കാരിലും സേവനം തുടരാന്‍ അനുവദിക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും ഞങ്ങള്‍ നിലവില്‍ പര്യവേക്ഷണം ചെയ്യുകയാണെന്നും പൗള കെര്‍ഗര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ ഫോര്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗിന്റെ പ്രസിഡന്റും സിഇഒയുമായ പട്രീഷ്യ ഹാരിസണ്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ സംഘടനയെ നിയന്ത്രിക്കുന്നത് വൈറ്റ് ഹൗസ് അല്ല എന്ന് തിരിച്ചടിച്ചു.

'സിപിബി പ്രസിഡന്റിന്റെ അധികാരത്തിന് വിധേയമായ ഒരു ഫെഡറല്‍ എക്‌സിക്യൂട്ടീവ് ഏജന്‍സിയല്ല. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു സ്വകാര്യ ലാഭേച്ഛയില്ലാത്ത കോര്‍പ്പറേഷനാകാന്‍ കോണ്‍ഗ്രസ് നേരിട്ടാണ് സിപിബിയെ അധികാരപ്പെടുത്തുകയും ധനസഹായം നല്‍കുകയും ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് സിപിബി സൃഷ്ടിച്ചപ്പോള്‍, ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെയോ ഉേദ്യാഗസ്ഥനെയോ അത് നയിക്കുന്നതില്‍ നിന്നും മേല്‍നോട്ടം വഹിക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നതായി ഹാരിസണ്‍ പറഞ്ഞു.

എക്‌സിക്യൂട്ടീവ് ഉത്തരവിനെക്കുറിച്ച് എന്‍പിആര്‍ പ്രസിഡന്റും സിഇഒയുമായ കാതറിന്‍ മഹറും വെള്ളിയാഴ്ച ഒരു പ്രസ്താവന പുറത്തിറക്കി.

'അമേരിക്കന്‍ പൊതുജനങ്ങള്‍ക്ക് അവശ്യ വാര്‍ത്തകള്‍, വിവരങ്ങള്‍, ജീവന്‍ രക്ഷാ സേവനങ്ങള്‍ എന്നിവ നല്‍കാനുള്ള ഞങ്ങളുടെ അവകാശത്തെ ഞങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് മഹറും വ്യക്തമാക്കി. ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഈ എക്‌സിക്യൂട്ടീവ് ഉത്തരവിനെ ഞങ്ങള്‍ വെല്ലുവിളിക്കുമെന്നും മഹര്‍ പറഞ്ഞു.

'എന്‍പിആറും പിബിഎസും ഉള്‍പ്പെടെയുള്ള പൊതു പ്രക്ഷേപണത്തിനുള്ള വിഹിതം ഫെഡറല്‍ ബജറ്റിന്റെ 0.0001% ല്‍ താഴെയാണ്. പ്രസിഡന്റിന്റെ ഉത്തരവ് എന്‍പിആറിനും അമേരിക്കയിലുടനീളമുള്ള പ്രാദേശിക ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതുമായ സ്‌റ്റേഷനുകള്‍ക്കും അവരുടെ കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രോഗ്രാമിംഗ് നിര്‍മ്മിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള ഒന്നാം ഭേദഗതി അവകാശങ്ങളെ അപമാനിക്കുന്നതാണ്,' അവര്‍ പറഞ്ഞു.
പ്രസിഡന്റിന്റെ ഉത്തരവിനെതിരെ നിയമ പോരാട്ടം നടത്താനാണ് സംഘടനകളുടെ നീക്കം.