ഏപ്രിലില്‍ യു എസ് തൊഴില്‍ വളര്‍ച്ച ശക്തമായി

ഏപ്രിലില്‍ യു എസ് തൊഴില്‍ വളര്‍ച്ച ശക്തമായി


വാഷിംഗ്ടണ്‍: ഏപ്രിലില്‍ യു എസ് തൊഴിലുടമകള്‍ 177,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി തൊഴില്‍ വകുപ്പ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 

എങ്കിലും തൊഴിലില്ലായ്മ നിരക്ക് 4.2 ശതമാനമായി മാറ്റമില്ലാതെ തുടര്‍ന്നു.

യു എസ് തൊഴില്‍ വിപണി നല്ല നിലയില്‍ തുടരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1930കള്‍ക്ക് ശേഷമുള്ള ഇറക്കുമതികള്‍ക്ക് ഏറ്റവും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തൊട്ടുപിന്നാലെ നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കണക്കുകള്‍.

പ്രസിഡന്റ് ട്രംപിന്റെ ഉയര്‍ന്ന താരിഫുകള്‍ തൊഴില്‍ വിപണിയില്‍ ചെലുത്തുന്ന അന്തിമഫലം വരും ആഴ്ചകളിലും മാസങ്ങളിലും മാത്രമേ പൂര്‍ണ്ണമായി സ്വാധീനം ചെലുത്തുകയുള്ളുവെന്നാണാണ്  ബഹുഭൂരിപക്ഷം ഡേറ്റ വിശകലന വിദഗ്ധരും പറയുന്നത്. എങ്കിലും സാമ്പത്തിക വിപണികള്‍, ആഗോള ചരക്ക് രീതികള്‍, കോര്‍പ്പറേറ്റ് ബിസിനസ് പദ്ധതികള്‍ എന്നിവയിലൂടെ ആദ്യകാല ആഘാതം പ്രതിഫലിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്തൃ നിലവാരം ഇടിഞ്ഞിട്ടുണ്ട്. യു എസിലെ പ്രധാന തുറമുഖങ്ങളില്‍ ഷിപ്പിംഗ് അളവ് അതിവേഗം കുറയുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാന ബാങ്കുകള്‍ ഈ വര്‍ഷം മാന്ദ്യത്തിന്റെയും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രിലില്‍ ഫെഡറല്‍ ഗവണ്‍മെന്റ് തൊഴില്‍ 9,000 കുറഞ്ഞു. ജനുവരി മുതല്‍ 26,000 കുറഞ്ഞു. ഭരണകൂടത്തിന്റെ കൂട്ട പിരിച്ചുവിടലുകളുടെയും ഫെഡറല്‍ ഏജന്‍സികളില്‍ നിയമനം മരവിപ്പിക്കുന്നതിന്റെയും തുടര്‍ച്ചയായ അനന്തരഫലമായിരിക്കാം ഇത്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.8 ശതമാനം വര്‍ധിച്ച തൊഴിലാളികളുടെ ശരാശരി മണിക്കൂര്‍ വരുമാന വളര്‍ച്ച 2023 മധ്യം മുതല്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന ശക്തമായ വേഗതയില്‍ തുടരുന്നു.

ഗതാഗതത്തിലും വെയര്‍ഹൗസിംഗിലും 29,000 തൊഴിലവസര വര്‍ധനവ് ഉണ്ടായിട്ടുണ്ട്. താരിഫുകള്‍ക്ക് മുമ്പ് സാധനങ്ങള്‍ നീക്കാന്‍ തൊഴിലുടമകള്‍ തിടുക്കം കൂട്ടുന്നുണ്ടെന്നതിന്റെ സൂചനയായി സമീപ മാസങ്ങളില്‍ ഈ മേഖല ത്വരിതഗതിയിലാകുന്നു.