പാപ്പല്‍ കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാനില്‍ ചിമ്മിനി സ്ഥാപിച്ചു

പാപ്പല്‍ കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാനില്‍ ചിമ്മിനി സ്ഥാപിച്ചു


വത്തിക്കാന്‍: കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവിനായി ഒത്തുകൂടുന്നതിന് അഞ്ച് ദിവസം മുമ്പ് വെള്ളിയാഴ്ച അഗ്നിശമന സേനാംഗങ്ങള്‍ സിസ്‌റ്റൈന്‍ ചാപ്പലിന് മുകളില്‍ ചിമ്മിനി സ്ഥാപിച്ചു. ഇതിലൂടെയാണ് പുതിയ പോപ്പിന്റെ തെരഞ്ഞെടുപ്പിനെ സൂചിപ്പിക്കുന്ന വെളുത്ത പുക പുറത്തുവിടുക.

ഏപ്രില്‍ 21ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന 15-ാം നൂറ്റാണ്ടിലെ ചാപ്പലില്‍ മൈക്കലാഞ്ചലോയുടെ പ്രശസ്തമായ ഫ്രെസ്‌കോകള്‍ക്ക് താഴെ 133 കത്തോലിക്കാ കര്‍ദ്ദിനാള്‍മാര്‍ ഒത്തുകൂടും. അടുത്ത പോപ്പിനെ തെരഞ്ഞെടുക്കാന്‍ 89 വോട്ടുകളാണ് ആവശ്യം. 

പൂട്ടിയിട്ട വാതിലുകള്‍ക്ക് പിന്നില്‍ നടക്കുന്ന കോണ്‍ക്ലേവ്, ഒരു പ്രത്യേക സ്റ്റൗവില്‍ ബാലറ്റുകള്‍ കത്തിച്ചുകൊണ്ട് ലോകത്തിന് ഫലം അറിയിക്കും. ആരും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ കറുത്ത പുക പുറപ്പെടുവിക്കും. പുതിയ പോപ്പ് ഉണ്ടായാല്‍ വെളുത്ത പുകയായിരിക്കും വരിക. 

12 വര്‍ഷമായി കത്തോലിക്കാ സഭയെ നയിച്ച അര്‍ജന്റീനയില്‍ നിന്നുള്ള ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള കര്‍ദ്ദിനാള്‍മാരെ റോമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്.

80 വയസ്സിന് താഴെയുള്ളവരാണ് കോണ്‍ക്ലേവില്‍ വോട്ടുചെയ്യുക. എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോകത്തിലെ 1.4 ബില്യണ്‍ കത്തോലിക്കരുടെ അടുത്ത തലവന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ പ്രായത്തിലുമുള്ള കര്‍ദ്ദിനാള്‍മാര്‍ ദിവസവും യോഗം ചേരും.