യു എസ്- ചൈന വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തെളിയുന്നു

യു എസ്- ചൈന വ്യാപാര ചര്‍ച്ചകള്‍ക്ക് വഴി തെളിയുന്നു


ബീജിംഗ്: യു എസുമായുള്ള വ്യാപാര ചര്‍ച്ചകളുടെ സാധ്യത വിലയിരുത്തുകയാണെന്ന് ചൈന. കഴിഞ്ഞ മാസം ഡൊണാള്‍ഡ് ട്രംപ് താരിഫ് വര്‍ധിപ്പിച്ചതിനുശേഷം ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കാമെന്നതിന്റെ ആദ്യ സൂചനയാണിത്.

താരിഫ് സംബന്ധിച്ച് ബീജിംഗുമായി സംസാരിക്കാന്‍ മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥര്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ചൈനയോട് 'ആത്മാര്‍ഥത' കാണിക്കാന്‍ വാഷിംഗ്ടണിലെ ഉദ്യോഗസ്ഥരോട് അഭ്യര്‍ഥിച്ചതായും വെള്ളിയാഴ്ച ചൈനയുടെ വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

തങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ച് യു എസ് അടുത്തിടെ ബന്ധപ്പെട്ട കക്ഷികള്‍ വഴി സന്ദേശങ്ങള്‍ അയച്ചതായും തങ്ങള്‍ അത് വിലയിരുത്തുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ട്രംപ് യു എസ് താരിഫ് ഉയര്‍ത്തുകയും ബീജിംഗ് അതേ രീതിയില്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സ്തംഭനാവസ്ഥ മാറാന്‍ സാധ്യതയുണ്ടെന്ന പ്രസ്താവനകള്‍ പുറത്തുവരുന്നത്. 

താരിഫ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് പ്രസിഡന്റ് ഷി ജിന്‍പിംഗ് തന്നെ ബന്ധപ്പെടണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. തര്‍ക്കം രൂക്ഷമാക്കുന്നതിനുള്ള ആദ്യ നടപടി സ്വീകരിക്കേണ്ടത് ബീജിംഗാണെന്ന് ഈ ആഴ്ച  ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു.

'ചൈനയ്ക്കുമേലുള്ള ഉയര്‍ന്ന തോതിലുള്ള പരസ്പര താരിഫ് സുസ്ഥിരമല്ല, അതിനാല്‍ യു എസും ചൈനയും എപ്പോഴെങ്കിലും ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു'-  യുണൈറ്റഡ് ഓവര്‍സീസ് ബാങ്ക് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധനായ വോയ് ചെന്‍ ഹോ പറഞ്ഞു.