കൊളംബിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി യുഎസില്‍ അറസ്റ്റില്‍

കൊളംബിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി യുഎസില്‍ അറസ്റ്റില്‍


വാഷിംഗ്ടണ്‍: കൊളംബിയ യൂണിവേഴ്‌സിറ്റി കാമ്പസില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥിയെ യു.എസ് ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. യു.എസില്‍ നിയമപരമായി സ്ഥിര താമസക്കാരനായ പാലസ്തീന്‍ വംശജന്‍ മുഹ്‌സിന്‍ മഹ്ദാവിയെയാണ് അറസ്റ്റ് ചെയ്തത്.

മുഹ്‌സിന്‍ നിലവില്‍ എവിടെയാണെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ലൂണ ഡ്രൂബി പറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ നാടുകടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതായും അവര്‍ അറിയിച്ചു. പാലസ്തീന്‍ വംശജനായതിന്റെയും പാലസ്തീനുവേണ്ടി വാദിച്ചതിന്റെയും പേരില്‍ പ്രതികാര നടപടിയുടെ ഭാഗമായാണ് ട്രംപ് ഭരണകൂടം മുഹ്‌സിനെ അറസ്റ്റ് ചെയ്തത്. പാലസ്തീനിലെ അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള നീക്കമാണിത്. ഭരണഘടനാ വിരുദ്ധവുമായ നടപടിയാണെന്നും ലൂണ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ച മുഹ്‌സിന്‍ 2014ലാണ് യു.എസിലെത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. യു.എസ് ഇമിഗ്രേഷന്‍ വകുപ്പ് നേരത്തേ അറസ്റ്റ് ചെയ്ത മഹമൂദ് ഖലീലിനൊപ്പം ചേര്‍ന്ന് മുഹ്‌സിന്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പാലസ്തീന്‍ സ്റ്റുഡന്‍ഡ് യൂണിയന്‍ രൂപവത്കരിച്ചിരുന്നു.

അതിനിടെ പാലസ്തീന്‍ അനുകൂല നിലപാടുള്ളവരെ പിന്തണക്കുന്നു എന്നാരോപിച്ച് പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാലക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത നടപടിയെടുത്തു. യു.എസ് സര്‍ക്കാര്‍ സര്‍വകലാശാലക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ട്രംപ് മരവിപ്പിച്ചു. കാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്ന ഭരണകൂട നിര്‍ദേശം സര്‍വകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി.