യു എസില്‍ പുതിയ വിസ മാര്‍ഗ്ഗനിര്‍ദ്ദേശം: രോഗികളായ കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കാം

യു എസില്‍ പുതിയ വിസ മാര്‍ഗ്ഗനിര്‍ദ്ദേശം: രോഗികളായ കുടിയേറ്റക്കാര്‍ക്ക് വിസ നിഷേധിക്കാം


വാഷിംഗ്ടണ്‍: യു എസ് വിസ നയത്തില്‍ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നു. ദീര്‍ഘകാല രോഗങ്ങളുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിക്കാന്‍ യു എസ് കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ എഫ് എഫ് ഹെല്‍ത്ത് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അപേക്ഷകര്‍ക്ക് അമേരിക്കയില്‍ ചെലവേറിയ മെഡിക്കല്‍ പരിചരണം ആവശ്യമാകുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ക്കു വിസ നിഷേധിക്കാമെന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ഉള്ളടക്കം.

വിദേശകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാര്‍ സഹായങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ പ്രാബല്യത്തിലുള്ള 'പബ്ലിക് ചാര്‍ജ്' നിയമത്തിന്റെ പരിധി വിപുലീകരിക്കുന്നുണ്ട്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം പ്രമേഹം, ഹൃദയരോഗങ്ങള്‍, അമിതവണ്ണം, മെറ്റബോളിക് ഡിസോര്‍ഡര്‍, ചില തരം അര്‍ബുദങ്ങള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയ പകരാത്ത രോഗങ്ങളും വിസ അനുവദിക്കുന്നത് തടയുന്നതില്‍ ഉള്‍പ്പെടുത്താമെന്ന് നിര്‍ദ്ദേശം പറയുന്നു.

ഇത്തരം രോഗങ്ങള്‍ക്ക് വിലകൂടിയ, ദീര്‍ഘകാല ചികിത്സ ആവശ്യമായേക്കാമെന്നും അതിനാല്‍ വിസ നിഷേധത്തിന് മതിയായ ആധാരമാകാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ബൈഡന്‍ സര്‍ക്കാരിന്റെ തുറന്ന അതിര്‍ത്തി നയങ്ങള്‍ അവസാനിപ്പിച്ച് ട്രംപ് ഭരണകൂടം വിപുലമായ കുടിയേറ്റ കാലഘട്ടത്തിന് അവസാനമിട്ടു എന്നാണ്. 

ക്ഷയം പരിശോധന മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ വരെയുള്ള ആരോഗ്യ പരിശോധനകള്‍ കുടിയേറ്റ നടപടികളുടെ പതിവ് ഭാഗമായിരുന്നു. എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം ഓരോ കോണ്‍സുലര്‍ ഓഫീസര്‍ക്കും കൂടുതല്‍ വ്യക്തിഗത വിധി നിര്‍ണയ അധികാരം നല്‍കുന്നതായാണ് കുടിയേറ്റ അഭിഭാഷകര്‍ പറയുന്നത്. ഒരു അപേക്ഷകന്റെ രോഗാവസ്ഥ ഭാവിയില്‍ സാമ്പത്തിക ബാധ്യതയാവുമോ എന്ന് അവര്‍ക്ക് സ്വതന്ത്രമായി വിലയിരുത്താനാകും.

എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക മാന്വലില്‍ പറയുന്ന മാര്‍ഗ്ഗരേഖകള്‍ക്ക് വിരുദ്ധമാണെന്ന് തോന്നുന്നതായി കത്തോലിക്കാ ലീഗല്‍ ഇമിഗ്രേഷന്‍ നെറ്റ്വര്‍ക്ക് പ്രതിനിധി ചാള്‍സ് വീലര്‍ പറഞ്ഞു. ഇത് ആശങ്കാജനകമാണെന്നും വിസ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ വിദഗ്ധരല്ലെന്നും അതിനാല്‍ 'വേണ്ടെങ്കില്‍' എന്ന തരത്തിലുള്ള അനുമാനങ്ങളിലാണ് അവര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പുതിയ നിര്‍ദ്ദേശം അപേക്ഷകന്റെ കുടുംബാംഗങ്ങളുടെ ആരോഗ്യാവശ്യങ്ങളും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു. അവരുടെ ചികിത്സാ ചെലവ് അപേക്ഷകന്റെ തൊഴില്‍ സ്ഥിരതയെ ബാധിക്കുമോയെന്നും വിലയിരുത്തണം. അപേക്ഷകര്‍ക്ക് അമേരിക്കയിലെ സര്‍ക്കാര്‍ ആരോഗ്യനിധികളില്‍ ആശ്രയിക്കാതെ സ്വകാര്യമായി ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി തെളിയിക്കണം എന്നും സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കുടിയേറ്റം ആ്ഗ്രഹിക്കുന്നവര്‍ ഇതിനകം തന്നെ സര്‍ക്കാര്‍ അംഗീകരിച്ച ഡോക്ടറുടെ പരിശോധനകള്‍ നിര്‍വഹിക്കാറുണ്ട്. മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നതിനെക്കുറിച്ചും മാനസികാരോഗ്യ ചരിത്രവും വാക്‌സിനേഷനുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

പുതിയ നിര്‍ദ്ദേശം വിസ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അപേക്ഷകന്റെ ജീവിതകാല മെഡിക്കല്‍ ചെലവുകള്‍ കണക്കാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ്. ഇത് വന്‍ മാറ്റമാണെന്നും കോണ്‍സുലര്‍ അഭിമുഖങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയിലെ കുടിയേറ്റ അഭിഭാഷകയായ സോഫിയ ജെനോവീസ് പറഞ്ഞു.