ലോസ് ആഞ്ചലസ് : അമേരിക്കയിലെ ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും പുരോഗമന രാഷ്ട്രീയ നേതാവുമായ കൗൺസിൽ അംഗം നിത്യ രാമൻ നിർണായക മന്നേറ്റം നടത്തി. വോട്ടെണ്ണൽ പുരോഗമിക്കമ്പോൾ റിയാലിറ്റി ടിവി താരവും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ സ്‌പെൻസർ പ്രാറ്റിനെ മറികടന്ന് അവർ രണ്ടാം സ്ഥാനത്തെത്തി.
തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും നവംബറിൽ നിലവിലെ മേയർ കരൻ ബാസിനെതിരെ മത്സരിക്കാൻ ആരാണ് യോഗ്യത നേടുകയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇതുവരെ എണ്ണിയ വോട്ടുകളുടെ കണക്കുകൾ നിത്യ രാമന് അനുകൂലമായാണ് മാറിക്കൊണ്ടിരിക്കുന്നത്.
72 കാരിയായ നിലവിലെ മേയറും മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവുമായ കരൻ ബാസ് 34.7 ശതമാനം വോട്ടുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 44 കാരിയായ നിത്യ രാമൻ 27.1 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, തിരഞ്ഞെടുപ്പ് രാത്രിമുതൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സ്‌പെൻസർ പ്രാറ്റ് 26.7 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുവരും തമ്മിലുള്ള വ്യത്യാസം നിലവിൽ 3,000ലധികം വോട്ടുകളാണ്.
ലോസ് ആഞ്ചലസിലെ മേയർ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പ്രാഥമിക ഘട്ടത്തിൽ തന്നെ 50 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചാൽ നേരിട്ട് വിജയിയായി പ്രഖ്യാപിക്കും. അല്ലാത്ത പക്ഷം മുൻനിരയിലെ രണ്ട് സ്ഥാനാർഥികൾ നവംബറിൽ നടക്കുന്ന റൺഓഫ് തിരഞ്ഞെടുപ്പിലേക്ക് മുന്നേറും.
തപാൽ വോട്ടുകളുടെ എണ്ണൽ ഇപ്പോഴും തുടരുന്നതിനാൽ ഫലത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ദിവസത്തെ മുദ്രയോടുകൂടിയ തപാൽ വോട്ടുകൾ ജൂൺ 9 വരെ സ്വീകരിക്കുന്നതിനാലാണ് അന്തിമ ഫലം വൈകുന്നത്.
ഏറ്റവും പുതിയ വോട്ടെണ്ണൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, തങ്ങളുടെ പ്രചാരണത്തിന് പിന്തുണ നൽകിയ ആയിരക്കണക്കിന് ലോസ് ആഞ്ചലസ് നിവാസികൾക്ക് നന്ദി അറിയിച്ച് നിത്യ രാമൻ പ്രതികരിച്ചു. അതേസമയം, സ്‌പെൻസർ പ്രാറ്റ് ഔദ്യോഗിക പ്രതികരണം നടത്തിയില്ല. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ ചില വോട്ടുകളെക്കുറിച്ച് തെളിവുകളില്ലാതെ സംശയം ഉന്നയിച്ചു.
നിത്യ രാമൻ രണ്ടാം സ്ഥാനത്ത് ഉറച്ചാൽ നവംബറിൽ കരൻ ബാസും നിത്യ രാമനും തമ്മിലുള്ള നേരിട്ടുള്ള മത്സരം നഗര രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വീടില്ലാത്തവരുടെ പ്രശ്‌നം, പൊതുസുരക്ഷ, നഗരവികസനം തുടങ്ങിയ വിഷയങ്ങളാകും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്: സ്‌പെൻസർ പ്രാറ്റിനെ പിന്തള്ളി നിത്യ രാമൻ; രണ്ടാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നിർണായക മുന്നേറ്റം
