ഡൊമിനിക്കൻ റിപ്പബ്ലിക്: രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ലാ റോമാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനം തകർന്നുവീണ് തീപിടിച്ച അപകടത്തിൽ പൈലറ്റും സഹപൈലറ്റും മരിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പറന്നുയരുന്നതിനിടെയാണ് ഗൾഫ്‌സ്ട്രീം ജി200 ജെറ്റ് വിമാനത്തിന് അപകടമുണ്ടായത്. റൺവേയിലൂടെ നീങ്ങിയ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ശക്തമായി നിലത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് വിമാനം ഉയർന്ന് ചാടിയ ശേഷം മറിഞ്ഞ് വലിയ തീഗോളമായി മാറി. അപകടത്തെ തുടർന്ന് കനത്ത പുകയും തീയും ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഡൊമിനിക്കൻ സിവിൽ ഏവയേഷൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ വിവരമനുസരിച്ച്, വിമാനത്തിൽ യാത്രക്കാരില്ലായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
വിമാനം വിമാനത്താവളത്തിൽ നിന്ന് ഏകദേശം 16 നോട്ടിക്കൽ മൈൽ അകലെയെത്തിയപ്പോൾ അടിയന്തര സഹചര്യം പ്രഖ്യാപിച്ചിരുന്നുവെന്നും തുടർന്ന് തിരികെ ലാ റോമാന വിമാനത്താവളത്തലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും അധികൃതർ അറിയിച്ചു.
അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും വ്യോമയാന അധികൃതർ വ്യക്തമാക്കി.
റൺവേയിൽ തകർന്നുവീണ സ്വകാര്യ വിമാനം തീഗോളമായി മാറി, പൈലറ്റും സഹപൈലറ്റും മരിച്ചു
