ഒട്ടാവ: 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന കാനഡയിൽ ഫുട്ബോൾ ആവേശം ദിനംപ്രതി ഉയരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കായികമേളകളിലൊന്നായ ലോകകപ്പിനെ വരവേൽക്കാൻ രാജ്യം മുഴുവൻ ഒരുങ്ങുമ്പോൾ, കായികപ്രേമികൾക്കൊപ്പം വിവിധ സംസ്കാരങ്ങളുടെയും സമൂഹങ്ങളുടെയും പങ്കാളിത്തം ഈ ടൂർണമെന്റിനെ പ്രത്യേകമാക്കുകയാണ്.
ഒട്ടാവയിലെ ഒരു ജൂനിയർ ഫുട്ബോൾ മത്സരത്തിനിടെ ലോകകപ്പിനെക്കുറിച്ചുള്ള ചർച്ചകളാണ് ശ്രദ്ധ നേടിയത്. കാനഡ ആതിഥേയരാകുന്നതിൽ വലിയ ആവേശമുണ്ടെന്ന് എട്ടുവയസ്സുകാരനായ നാഥാനിയൽ സൽഹാനി പറഞ്ഞു. കാനഡ ഒരു ഫുട്ബോൾ രാജ്യമാണെന്ന അംഗീകാരം ലോകത്തിന് മുന്നിൽ ലഭിക്കുന്നതിന്റെ സന്തോഷമാണ് തനിക്കുള്ളതെന്ന് അവന്റെ അമ്മ നതാലി സൽഹാനിയും പ്രതികരിച്ചു.
കുട്ടികൾക്കിടയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കായിക ഇനമാണ് ഫുട്ബോൾ എന്നാണ് കാനഡ സർക്കാർ വ്യക്തമാക്കുന്നത്. ഹോക്കിയുടെ നാടെന്ന വിശേഷണമുള്ള രാജ്യത്ത് ഫുട്ബോളിനോടുള്ള താൽപര്യം വർഷങ്ങളായി ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് ഇരട്ടി ആവേശവുമായി ലോകകപ്പ് എത്തുന്നത്.
ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന വാൻകൂവറും ടൊറന്റോയും ഇതിനകം ആഘോഷ വേഷം ധരിച്ചു കഴിഞ്ഞു. വാൻകൂവറിലെ സയൻസ് വേൾഡിൽ ലോകകപ്പിന്റെ ഔദ്യോഗിക പന്തിന്റെ മാതൃകയിൽ നിർമ്മിച്ച ഭീമൻ 'ബ്യൂട്ടിഫുൾ ഡോം' സന്ദർശകരെ ആകർഷിക്കുകയാണ്. നഗരത്തിലെ യേൽടൗൺ മേഖലയിലെ ചുമർചിത്രങ്ങൾ ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളായ ലയണൽ മെസ്സി, പെലെ, കാനഡൻ താരം അഫോൺസോ ഡേവിസ് എന്നിവരുടെ ഓർമകൾ പുതുക്കുന്നു.
ലോകകപ്പ് നഗരത്തിനും രാജ്യത്തിനും ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരമാണെന്ന് സംഘാടകർ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ സമൂഹങ്ങൾ വലിയ തോതിൽ ജീവിക്കുന്ന കാനഡയിൽ ലോകകപ്പ് യഥാർത്ഥത്തിൽ ഒരു ആഗോള ആഘോഷമായി മാറുമെന്നാണ് പ്രതീക്ഷ.
കായികമേള സാമ്പത്തിക നേട്ടങ്ങൾക്കപ്പുറം കാനഡൻ ദേശീയ ടീമിനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് കാനഡ പങ്കെടുക്കുന്നത്. എങ്കിലും പ്രീക്വാർട്ടർ കടന്ന് ക്വാർട്ടർ ഫൈനലിലെത്തുക എന്നത് ടീമിന്റെ സ്വപ്ന ലക്ഷ്യമായി മാറിയിട്ടുണ്ട്.
കാനഡൻ ഫുട്ബോൾ ഹാൾ ഓഫ് ഫെയിം അംഗവും മുൻ ദേശീയ താരവുമായ ജൂലിയൻ ഡി ഗുസ്മാൻ, നിലവിലെ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ടു. ദേശീയ ടീമിന്റെ നേട്ടങ്ങൾ ഭാവിയിലെ താരങ്ങൾക്ക് പ്രചോദനമാകുമെന്നും കാനഡയുടെ ഫുട്ബോൾ ശക്തി ലോകം കൂടുതൽ തിരിച്ചറിയാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ സമൂഹങ്ങളുടെ വൈവിധ്യമാണ് കാനഡ ഫുട്ബോളിന്റെ ഏറ്റവും വലിയ ശക്തിയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബയേൺ മ്യൂണിക്കിന്റെ താരവും കനേഡിയൻ നായകനുമായ അഫോൺസോ ഡേവിസും യുവന്റസിനായി കളിക്കുന്ന ജോനാഥൻ ഡേവിഡും കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ വിജയം രാജ്യത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്.
ലോകകപ്പ് സമയത്ത് കാനഡയുടെ ടീമിന് പിന്തുണ നൽകുന്നതിനൊപ്പം തങ്ങളുടെ പാരമ്പര്യ രാജ്യങ്ങളുടെ ടീമുകൾക്കും ആരാധകർ ആവേശം പകരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി റെസ്റ്റോറന്റുകളും കായിക ക്ലബ്ബുകളും പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്.
കാനഡയുടെ ബഹുസാംസ്കാരിക സ്വഭാവം ലോകകപ്പിലൂടെ കൂടുതൽ വ്യക്തമായി ലോകത്തിന് മുന്നിലെത്തുമെന്ന് പ്രമുഖ സംഗീതജ്ഞൻ ഡ്രേക്കും അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒന്നിച്ചുചേരുന്ന കാനഡയിൽ ലോകകപ്പ് ഒരു കായികമേള മാത്രമല്ല, സംസ്കാരങ്ങളുടെ മഹോത്സവവുമാകുമെന്നാണ് പൊതുവായ വിലയിരുത്തൽ.
