ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാളയത്തിൽ ഭിന്നസ്വരം ശക്തമാകുന്നു; ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സമ്മർദം വർധിച്ചു

ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാളയത്തിൽ ഭിന്നസ്വരം ശക്തമാകുന്നു; ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സമ്മർദം വർധിച്ചു


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വർധിച്ചുവരുന്ന എതിർപ്പിനെ നേരിടുകയാണ്. വർഷങ്ങളായി ട്രംപിന്റെ നിലപാടുകൾക്ക് പിന്തുണ നൽകിയിരുന്ന റിപ്പബ്ലിക്കൻ അംഗങ്ങൾ ഇപ്പോൾ ചില പ്രധാന വിഷയങ്ങളിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തുന്ന സാഹചര്യമാണ് അമേരിക്കൻ കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും വിവിധ റിപ്പബ്ലിക്കൻ വിഭാഗങ്ങൾ ട്രംപിന്റെ ചില പ്രധാന തീരുമാനങ്ങൾക്കെതിരെ രംഗത്തെത്തി. ഇറാനുമായി ബന്ധപ്പെട്ട നയങ്ങളെ വിമർശിച്ചതിനൊപ്പം, വൈറ്റ് ഹൗസ് ബോൾറൂമിനായി നിർദേശിച്ച ഒരു ബില്യൺ ഡോളറിന്റെ ഫണ്ടിംഗും 1.8 ബില്യൺ ഡോളറിന്റെ വിവാദ 'ആന്റിവെപ്പണൈസേഷൻ' ഫണ്ടും തടയാൻ അവർ നീക്കം നടത്തി. ആഭ്യന്തര നിരീക്ഷണവുമായി ബന്ധപ്പെട്ട നിയമനിർമാണ ശ്രമങ്ങൾക്കും തടസ്സമായി.

ഇതിനിടെ, യുക്രെയ്‌നിന് കൂടുതൽ സഹായം നൽകുകയും റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന ബിൽ ജനപ്രതിനിധി സഭ പാസാക്കി. ട്രംപ് ഇതിനെ എതിർക്കുന്ന സാഹചര്യത്തിൽ ബില്ലിന് പ്രസിഡന്റിന്റെ വീറ്റോ നേരിടേണ്ടി വരാനിടയുണ്ട്.

റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പൂർണമായൊരു കലാപമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ജനങ്ങളുടെ വികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള പ്രവണത അംഗങ്ങളിൽ വർധിച്ചുവരുന്നതായി നേതാക്കൾ വിലയിരുത്തുന്നു. മുൻപ് ട്രംപിന്റെ ചില നയങ്ങളെ എതിർത്തതിനെ തുടർന്ന് വീണ്ടും മത്സരിക്കാതിരിക്കാൻ തീരുമാനിച്ച റിപ്പബ്ലിക്കൻ സെനറ്റർ തോം ടിലിസ്  തിരഞ്ഞെടുപ്പ് അടുത്താൽ ജനപ്രതിനിധികൾ അവരുടെ മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിപ്രായത്തിന് കൂടുതൽ പ്രാധാന്യം നൽകുമെന്നാണ് അഭിപ്രായപ്പെട്ടത്.

അതേസമയം, ട്രംപിനെതിരായ ഈ ഭിന്നസ്വരം വലിയ വെല്ലുവിളിയായി മാറുമെന്ന വിലയിരുത്തൽ ഡെമോക്രാറ്റിക് പാർട്ടി പൂർണമായി അംഗീകരിക്കുന്നില്ല. ട്രംപുമായി നേരത്തെ തന്നെ അഭിപ്രായഭിന്നതയിലായിരുന്ന ചിലരാണ് ഇപ്പോൾ കൂടുതൽ ശക്തമായി എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നാണ് അവരുടെ നിലപാട്.

 'തിരഞ്ഞെടുപ്പ് വർഷത്തിലെ രാഷ്ട്രീയ നീക്കങ്ങൾ' എന്ന നിലയിലാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ ഇതിനെകാണുന്നത്. എല്ലാ വിഷയങ്ങളിലും ട്രംപിനൊപ്പം നിൽക്കാൻ എല്ലാ അംഗങ്ങൾക്കും രാഷ്ട്രീയമായി കഴിയില്ലെന്നും, എന്നാൽ പ്രസിഡന്റിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ തുടരുമെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.

വർഷങ്ങളായി ട്രംപിന്റെ വിവാദ തീരുമാനങ്ങൾക്കും മന്ത്രിസഭാ നിയമനങ്ങൾക്കും പിന്തുണ നൽകിയിരുന്ന റിപ്പബ്ലിക്കൻ അംഗങ്ങൾക്കിടയിൽ അസ്വസ്ഥത വർധിച്ചതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രത്യേകിച്ച് റിപ്പബ്ലിക്കൻ നേതാക്കളായ ബിൽ കാസിഡി, ജോൺ കോർണൈൻ എന്നിവരുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുന്ന നിലപാടുകളും കോൺഗ്രസ് അജണ്ടയെ പ്രതിസന്ധിയിലാക്കിയ ചില പ്രഖ്യാപനങ്ങളും പാർട്ടിക്കുള്ളിലെ അതൃപ്തി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഈ ഭിന്നത ട്രംപിന്റെ പ്രധാന നയങ്ങൾക്കും നിയമനിർമാണ പദ്ധതികൾക്കും വെല്ലുവിളിയാകുമോയെന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായി മാറിയിരിക്കുകയാണ്.