ന്യൂഡല്‍ഹി: വരുന്ന രണ്ട് ദശാബ്ദങ്ങളിലും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ആഗോള പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ഇന്ത്യയുടെ കഴിവും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് രാജ്യത്തിനുള്ള വര്‍ധിച്ചുവരുന്ന ആകര്‍ഷണവുമാണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.
സിറ്റി ഇന്ത്യ കോണ്‍ഫറന്‍സ് 2026-ല്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള അനിശ്ചിതത്വങ്ങളുടെ കാലഘട്ടങ്ങളിലൊക്കെ ഇന്ത്യ കൂടുതല്‍ ശക്തമായി തിരിച്ചുവന്നിട്ടുണ്ടെന്നും വ്യാപാരം, ഉത്പാദനം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ലോകത്തിന്റെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി രാജ്യം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യ നിരന്തരം നയങ്ങളിലും ബിസിനസ് സമീപനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ഓരോ പ്രതിസന്ധിയെയും വളര്‍ച്ചയുടെ അവസരമാക്കി മാറ്റാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ആഗോള നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ ഇന്ത്യയുടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ലോകത്തെ ദീര്‍ഘകാല മൂലധനം ഇന്ത്യയിലേക്കും ഇന്ത്യ നല്‍കുന്ന അവസരങ്ങളിലേക്കുമാണ് ഇപ്പോള്‍ നോക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ നിക്ഷേപിക്കണമോ എന്നതല്ല ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത തിരിച്ചറിഞ്ഞ് എത്ര വേഗം നിക്ഷേപിക്കാമെന്നതാണ് ഇന്ന് നിക്ഷേപകര്‍ക്ക് മുന്നിലുള്ള ചോദ്യമെന്നും ഗോയല്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത വിശദീകരിക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി.
1999-ല്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോള്‍ 20 കോടി ഡോളര്‍ നിക്ഷേപിച്ചാണ് ഹ്യുണ്ടായി രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വാഹന നിര്‍മാണം ആരംഭിച്ച കമ്പനി തുടര്‍ച്ചയായി പ്രവര്‍ത്തനം വിപുലീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മാത്രം കമ്പനിയുടെ ഓഹരി മൂല്യവര്‍ധനയിലൂടെ 1200 മുതല്‍ 1300 കോടി ഡോളര്‍ വരെ മൂല്യം സൃഷ്ടിക്കാനായെന്നും റോയല്‍റ്റി, ലാഭവിഹിതം, മറ്റ് മൂലധന വരുമാനങ്ങള്‍ എന്നിവയായി സമാന തുക കൂടി ലഭിച്ചിട്ടുണ്ടെന്നും ഗോയല്‍ പറഞ്ഞു.
ബ്രിട്ടീഷ് നിര്‍മാണ ഉപകരണ കമ്പനിയായ ജെ സി ബിയുടെ ഇന്ത്യയിലെ വിജയവും മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം തുടക്ക ഘട്ടത്തിലായിരുന്ന സമയത്താണ് ജെ സി ബി ഇന്ത്യയില്‍ എത്തിയത്. ഇന്ന് ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ലോകത്തെ ഏകദേശം 130 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനൊപ്പം ആഭ്യന്തര വിപണിയുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹ്യുണ്ടായിയും ജെ സി ബിയും യാഥാര്‍ഥ്യത്തിലുള്ള സാധ്യതകളിലാണ് വിശ്വാസമര്‍പ്പിച്ചതെന്നും അവരുടെ വിജയം ഇന്ത്യയുടെ ഉത്പാദന ശേഷിയുടെയും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളുടെയും തെളിവാണെന്നും ഗോയല്‍ പറഞ്ഞു.
140 കോടി ജനങ്ങളുള്ള ആഭ്യന്തര വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനപ്പുറം ആഗോള വിപണികള്‍ക്കായുള്ള പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
