ആണവ കേന്ദ്രത്തിന് സമീപം ഡ്രോണ്‍ ആക്രമണം; യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചര്‍ച്ചയ്ക്കായി സെലന്‍സ്‌കി ബ്രിട്ടനിലെത്തി

ആണവ കേന്ദ്രത്തിന് സമീപം ഡ്രോണ്‍ ആക്രമണം; യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചര്‍ച്ചയ്ക്കായി സെലന്‍സ്‌കി ബ്രിട്ടനിലെത്തി


ലണ്ടന്‍: യുക്രെയ്നിലെ ആണവ ഇന്ധന സംഭരണ കേന്ദ്രത്തിന് സമീപം ഡ്രോണ്‍ ആക്രമണം നടന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ സഖ്യകക്ഷികളുമായി നിര്‍ണായക ചര്‍ച്ചകള്‍ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ബ്രിട്ടനിലെത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് എന്നിവരുമായി ലണ്ടനില്‍ സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തും.

യുക്രെയ്നിന്റെ ശക്തമായ പിന്തുണക്കാരായി കണക്കാക്കപ്പെടുന്ന ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ 'ഇ-3' ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ പ്രധാന ലക്ഷ്യം ഭാവിയിലെ ഏത് സമാധാന കരാറിന്റെയും ഭാഗമായി യുക്രെയ്നിന് സുരക്ഷാ ഉറപ്പുകള്‍ നേടുകയെന്നതാണ്.

റഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ലഭ്യമാക്കാനാണ് യുക്രെയ്ന്‍ ശ്രമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണമെന്നും സെലന്‍സ്‌കി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെടും.

ഇതിനിടെ, പ്രവര്‍ത്തനം അവസാനിപ്പിച്ച ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപമുള്ള ഉപയോഗിച്ച ആണവ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെ്‌നാണ് യുക്രെയ്ന്‍ ആരോപണം.

റേഡിയേഷന്‍ തോതില്‍ മാറ്റമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ആക്രമണത്തില്‍ ഇന്ധന സ്വീകരണ കെട്ടിടത്തിനും അവിടെയുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷാ മേല്‍നോട്ട ഓഫീസിനും കാര്യമായ നാശനഷ്ടം സംഭവിച്ചതായി ഐഎഇഎ അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിന് നേരിട്ട് ചര്‍ച്ച നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തയ്യാറാകണമെന്ന് സെലന്‍സ്‌കി കഴിഞ്ഞ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാധാന കരാറിന്റെ രൂപരേഖ തയ്യാറാകുന്നതുവരെ അത്തരമൊരു കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയില്ലെന്ന് പറഞ്ഞ് പുടിന്‍ ആ നിര്‍ദേശം തള്ളുകയായിരുന്നു.

സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ, ഇപ്പോള്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നും വിദഗ്ധര്‍ പ്രവര്‍ത്തിച്ച് പരിഹാര നിര്‍ദേശങ്ങള്‍ തയ്യാറാക്കിയതിന് ശേഷം കൂടിക്കാഴ്ച നടത്താമെന്നുമാണ് പുടിന്‍ പറഞ്ഞത്.

2022 മുതല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സമാധാന ചര്‍ച്ചകളില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.