ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപത്തെ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തിന് കാര്യമായ നാശമെന്ന് ഐ എ ഇ എ

ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപത്തെ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തിന് കാര്യമായ നാശമെന്ന് ഐ എ ഇ എ


വിയന്ന: ഉപയോഗശൂന്യമായ ചെര്‍ണോബില്‍ ആണവ നിലയത്തിന് സമീപം ആണവ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായി ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐ എ ഇ എ) അറിയിച്ചു. എന്നാല്‍ റേഡിയേഷന്‍ തോതില്‍ മാറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആണവ മലിനീകരണം ഉണ്ടായിട്ടില്ലെന്നും ഏജന്‍സി വ്യക്തമാക്കി.

റഷ്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന യുക്രെയ്ന്‍ ആരോപണത്തെ തുടര്‍ന്ന് ഐ എ ഇ എ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആക്രമണത്തില്‍ ഇന്ധന സ്വീകരണ കെട്ടിടത്തിന്റെ ഒരു ഭാഗത്തിനും അവിടെ പ്രവര്‍ത്തിച്ചിരുന്ന ഐ എ ഇ എയുടെ സുരക്ഷാ മേല്‍നോട്ട ഓഫീസിനും കാര്യമായ നാശനഷ്ടം സംഭവിച്ചതായി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.

കെട്ടിടത്തിന്റെ മുന്‍ഭാഗം, ചുമരുകള്‍, പടിക്കെട്ടുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും തകര്‍ന്ന ഗ്ലാസ് കഷണങ്ങളും ഇഷ്ടിക അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പ്രദേശത്ത് ചിതറിക്കിടക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തിയതായും ഐ എ ഇ എ പ്രസ്താവനയില്‍ പറഞ്ഞു. എ്ന്നാല്‍ റേഡിയേഷന്‍ തോത് സാധാരണ നിലയില്‍ തന്നെയാണെന്നും ആണവ മലിനീകരണം ഉണ്ടായിട്ടില്ലെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.

സംഭവത്തെ അതീവ ആശങ്കാജനകമെന്ന് ഐ എ ഇ എ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസ്സി വിശേഷിപ്പിച്ചു.

ആണവ സുരക്ഷയുടെ കാര്യത്തില്‍ ഇത് അതീവ ഗുരുതരവും അപകടകരവുമായ സംഭവമാണെന്നും വലിയ അളവില്‍ ആണവ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളെ ആക്രമിക്കുന്നത് തീയുമായി കളിക്കുന്നതിന് തുല്യമാണെന്നും അത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നും ഗ്രോസി പറഞ്ഞു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഐ എ ഇ എ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന് പിന്നാലെ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

യുക്രെയ്നിലെ ആണവ കേന്ദ്രങ്ങളെ അപകടത്തിലാക്കുന്ന റഷ്യന്‍ നടപടികളുടെ ആദ്യ സംഭവമല്ല ഇതെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ആണവ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും ആണവ ഭീഷണി മുഴക്കുകയും ചെയ്യുന്ന റഷ്യയുടെ സമീപനം ആസൂത്രിതവും തുടര്‍ച്ചയായതും അംഗീകരിക്കാനാവാത്തതുമാണെന്ന് സിബിഹ പറഞ്ഞു.

ചെര്‍ണോബില്‍ ആണവ നിലയത്തില്‍ നിന്ന് ഏകദേശം ഒമ്പത് മൈല്‍ അകലെയുള്ള ഈ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ ആണവ കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ശക്തമാകുകയാണ്. ചെര്‍ണോബിലും മറ്റ് ആണവ കേന്ദ്രങ്ങളും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത അന്താരാഷ്ട്ര സമൂഹം പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.