വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ഇറാനെ അനുവദിക്കില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് മുന്നറിയിപ്പ് നല്‍കി. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ കടുത്ത സൈനിക ശക്തിയോടെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ ഡാന്‍ കെയിനിനോടൊപ്പം സംസാരിക്കുകയായിരുന്നു ഹെഗ്‌സെത്ത്.
കുറേക്കാലമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകളെ ഉപദ്രവിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ യു എസ് 'പ്രോജക്ട് ഫ്രീഡം' എന്ന സൈനിക നടപടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനാണ് വ്യക്തമായ ആക്രമി. ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലുള്ളതല്ല. അത് തുറന്നുവയ്ക്കാന്‍ യു എസിന് ഇറാന്റെ വ്യോമപരിധിയിലോ ജലപരിധിയിലോ പ്രവേശിക്കേണ്ട സാഹചര്യമില്ലെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി.
അന്താരാഷ്ട്ര ജലപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ നിരപരാധികളായ രാജ്യങ്ങളുടെ ചരക്കുകളും കപ്പലുകളും തടയാന്‍ ഇറാനെ അനുവദിക്കില്ലെന്നും യു എസ് യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ആവശ്യമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രോജക്ട് ഫ്രീഡം ഫെബ്രുവരി 28ന് ആരംഭിച്ച ഓപ്പറേഷന്‍ എപിക് ഫ്യൂറിയില്‍ നിന്ന് വ്യത്യസ്തമാണെന്നും ഇത് താത്ക്കാലിക ദൗത്യമായിരിക്കുമെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. ഈ ദൗത്യത്തിന്റെ ലക്ഷ്യം ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് വാണിജ്യ കപ്പലുകളെ സംരക്ഷിക്കുന്നതാണ്.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന നിരപരാധികളായ രാജ്യങ്ങളുടെ കപ്പലുകള്‍ക്കെതിരെ ഇറാന്‍ അതിക്രമപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കടലിടുക്കില്‍ യു എസ് സുരക്ഷാ വലയം സൃഷ്ടിച്ചിട്ടുണ്ടെന്നും, അത് ലോകത്തിന് നല്‍കിയ സുരക്ഷാ സമ്മാനം ആണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ തുറമുഖങ്ങളില്‍ നിന്ന് പുറപ്പെട്ട ആറു കപ്പലുകള്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെങ്കിലും യു എസ് സേന അവയെ തടഞ്ഞതായും ഹെഗ്‌സെത്ത് അറിയിച്ചു. ഇറാന്റെ തുറമുഖങ്ങളിലെ യു എസ് ഉപരോധം ഇപ്പോഴും ശക്തമായി തുടരുകയാണെന്നും സെന്റ്‌കോം ഉള്‍പ്പെടെയുള്ള സഖ്യ രാഷ്ട്രങ്ങള്‍ നൂറുകണക്കിന് കപ്പലുകളുമായും ഷിപ്പിംഗ് കമ്പനികളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും സജീവമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ നൂറുകണക്കിന് കപ്പലുകള്‍ കൂടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
