വാഷിംഗ്ടണ്‍: ആഗോള വ്യാപാരയുദ്ധത്തില്‍ എതിരാളികളുമായുള്ള പിരിമുറുക്കം വര്‍ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി. പുതിയ നികുതി നിരക്ക് ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് പുതിയ തീരുവ മെയ് മുതലായിരിക്കും ചുമത്തുക.
യുഎസിലെ കാര്‍ വ്യവസായത്തിന്റെ വമ്പിച്ച വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന നടപടി എന്ന് വ്യക്തമാക്കിയാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. നടപടി യുഎസില്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. കാറുകള്‍ക്ക് മാത്രമല്ല, യുഎസില്‍ അസംബിള്‍ ചെയ്യുന്നതിനായി രാജ്യങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കാര്‍ ഭാഗങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
എന്നാല്‍ ട്രംപിന്റെ തീരുമാനം തിരിച്ചടിയാകുമെന്നാണ് ഉയരുന്ന പ്രധാന എതിര്‍വാദം. താരിഫ് വര്‍ധന വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ വിഭാഗത്തിന്റെ വാദം. രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ക്ക് താത്കാലികമായെങ്കിലും പ്രവര്‍ത്തനം നിര്‍ത്തേണ്ട സാഹചര്യമാണ് തീരുമാനം ഉണ്ടാക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താരിഫ് ചുമത്തിയ നടപടി വാഹന വിപണിയില്‍ വിലക്കയറ്റത്തിന് വഴിയൊരുക്കുകയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയേക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ലോകത്തിലെ ഏറ്റവും സജീവമായ വാഹന വിപണികളില്‍ ഒന്നാണ് യുഎസിന്റേത്. കഴിഞ്ഞ വര്‍ഷം മാത്രം എണ്‍പത് ലക്ഷത്തോളം വാഹനങ്ങളാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. ഏകദേശം 24000 കോടി യുഎസ് ഡോളറിന്റെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. ആഗോള തലത്തിലെ വാഹന ഇറക്കുമതി കണക്കുകളുടെ പകുതിയോളമാണ് യുഎസിന്റെ സംഭാവന.
യുഎസിലേക്കുള്ള വാഹന കയറ്റുമതിയില്‍ മെക്‌സികോ ആണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, കാനഡ, ജര്‍മനി എന്നീ രാജ്യങ്ങളുടെ വാഹന കമ്പനികളുടെയും പ്രധാന വിപണിയാണ് യുഎസ്. തീരുവ ചുമത്തിക്കൊണ്ടുള്ള ട്രംപിന്റെ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
യുഎസ് ആസ്ഥാനമായ വാഹന നിര്‍മാണ കമ്പനികള്‍ക്കും തീരുമാനം തിരിച്ചടിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള സ്വതന്ത്ര വ്യാപാര കരാറുകളുടെ ഭാഗമായി നിരവധി യുഎസ് കമ്പനികള്‍ മെക്‌സികോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അതേസമയം, കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള സ്‌പെയര്‍ പാര്‍ടുസുകള്‍ക്ക് പുതിയ തീരുവയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ ഓഹരി വിപണിയിലും വാഹന കമ്പനികള്‍ വലിയ തിരിച്ചടി നേരിട്ടു. ജനറല്‍ മോട്ടോഴ്‌സിന്റെ ഓഹരികള്‍ ഏകദേശം 3 ശതമാനമാണ് ഇടിഞ്ഞത്. ഫോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് കമ്പനികളുടെ ഓഹരികളും തിരിച്ചടി നേരിട്ടു.
ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെുടുത്തിയാല്‍ യുഎസിലേക്കുള്ള വാഹന ഇറക്കുമതിയില്‍ 75 ശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ 2024 നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം രാജ്യത്തെ വാഹന വിപണിയില്‍ അഞ്ച് ശതമാനം എങ്കിലും വില വര്‍ധിപ്പിക്കുന്ന നിലയുണ്ടാക്കും.
എന്നാല്‍, താരിഫ് ചുമത്താനുള്ള തീരുമാനം യുഎസില്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലാണ് ട്രംപിനും സംഘത്തിനുമുള്ളത്. തന്റെ ഒന്നാം ടേമിലും ട്രംപ് വാഹന ഇറക്കുമതിക്ക് തീരുവ ചുമത്താനുള്ള നീക്കം നടത്തിയിരുന്നു. അതേസമയം, ട്രംപിന്റെ തീരുമാനം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി യുഎസില്‍ 2100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. യുഎസിലെ തെക്കന്‍ സംസ്ഥാനമായ ലൂസിയാനയില്‍ ഒരു പുതിയ സ്റ്റീല്‍ പ്ലാന്റ് ഉള്‍പ്പെടെ സജ്ജമാക്കുമെന്നാണ് പ്രഖ്യാപനം. താരിഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന്റെ ഗുണം കണ്ടുതുടങ്ങുന്നു എന്നായിരുന്നു ഈ നടപടിയോട് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ട്രംപിന്റെ നടപടിയെ പ്രശംസിക്കുന്നവരും കുറവല്ല. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിര്‍ ചേരിയില്‍ ഉണ്ടായിരുന്ന യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റിന്റെ നടപടികളെ പ്രശംസിച്ച് രംഗത്തെത്തി. 'ദശകങ്ങളായി തൊഴിലാളിവര്‍ഗ സമൂഹങ്ങളെ തകര്‍ത്ത സ്വതന്ത്ര വ്യാപാര ദുരന്തം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാകുന്നു എന്നാണ് യുണൈറ്റഡ് ഓട്ടോവര്‍ക്കേഴ്‌സ് യൂണിയന്‍ പറയുന്നത്.
യുഎസിലേക്കുള്ള വാഹന, സ്‌പെയര്‍ പാര്‍ട്‌സ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തി ട്രംപ്; ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍
