വധശിക്ഷ നിശ്ചയിച്ച പ്രകാരം നടപ്പാക്കും; പൊതുജനങ്ങൾക്ക് ദൃശ്യങ്ങൾ കാണാനാകില്ല
വാഷിങ്ടൺ: 2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ വെടിവെപ്പ് നടത്തി 13 യുഎസ് സൈനികരെ കൊലപ്പെടുത്തിയ മുൻ സൈനിക സൈക്യാട്രിസ്റ്റ് നിദാൽ ഹസന്റെ വധശിക്ഷ തത്സമയ സംപ്രേഷണം ചെയ്യാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. വധശിക്ഷ നിശ്ചയിച്ച പ്രകാരം ഫയറിങ് സ്ക്വാഡ് വഴി നടപ്പാക്കുമെന്നും എന്നാൽ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ലെന്നും ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കി.
ഹസന്റെ വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി നൽകിയതായി നേരത്തെ ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെയാണ് തീരുമാനം മാറ്റിയത്. വധശിക്ഷയുടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് കാണാൻ ആഗ്രഹിക്കാത്ത നിരവധി നല്ലവരും ഉദ്ദേശ്യശുദ്ധിയുള്ളവരുമായ ആളുകളുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറഞ്ഞു.
ഭീകരവാദികളോടും ഹസനെപ്പോലുള്ളവരോടും അമേരിക്ക എങ്ങനെ ഇടപെടുന്നുവെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നത് ശക്തമായ പ്രതിരോധ സന്ദേശമായേനെ എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാൽ, വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട സൈനികരുടെ അടുത്ത കുടുംബാംഗങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ നേരിട്ട് വധശിക്ഷ കാണാൻ അവസരമുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
2009 നവംബർ അഞ്ചിനാണ് ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ നിദാൽ ഹസൻ വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎസ് സൈന്യത്തിലെ മുൻ സൈക്യാട്രിസ്റ്റായ ഹസൻ പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു.
ആറ് പതിറ്റാണ്ടിലേറെയായി നടക്കാത്ത സൈനിക വധശിക്ഷയാണ് ഹസന്റേതായി നടപ്പാക്കാനിരിക്കുന്നത്. ഫയറിങ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ആശയം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞ ആഴ്ചയാണ് മുന്നോട്ടുവെച്ചത്.
അതേസമയം, വധശിക്ഷയുടെ ദൃശ്യങ്ങൾ ഭാവിയിലെ ഭീകരവാദികൾക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ഉപാധിയായി മാറാൻ സാധ്യതയുണ്ടെന്ന് യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വധശിക്ഷ കാണില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഹസൻ അരയ്ക്ക് താഴെ തളർന്ന വ്യക്തിയാണെന്ന കാര്യം ട്രംപിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് ചർച്ചകൾക്കിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വധശിക്ഷ നടപ്പാക്കുന്നതിനെ പിന്തുണച്ചെങ്കിലും അതിന്റെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ തത്സമയം പ്രദർശിപ്പിക്കുന്നതിൽനിന്ന് ഭരണകൂടം പിന്നോട്ടുപോയിരിക്കുകയാണ്.
