'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'കിഫ്ബിയിൽ നടന്നത് സ്വതന്ത്ര സാമ്രാജ്യമെന്ന് മുഖ്യമന്ത്രി

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'കിഫ്ബിയിൽ നടന്നത് സ്വതന്ത്ര സാമ്രാജ്യമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണങ്ങള്‍ മറികടന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കിഫ്ബി സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു സഹായം ലഭിക്കാനുള്ള വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷമാക്കി ഉയര്‍ത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി. കണ്‍സള്‍ട്ടന്‍സികള്‍ക്കു പണം നല്‍കിയതിലും ഭൂമി ഏറ്റെടുക്കലിലും വ്യക്തമായ ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയില്‍ നിന്നു വലിയ തോതില്‍ കേന്ദ്രം വെട്ടിക്കുറച്ചത് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. ഗ്യാരന്റി നല്‍കേണ്ടതില്ലെന്ന ധനവകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി അധ്യക്ഷനായ യോഗം അട്ടിമറിച്ചു. ഇത് റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. ധനവകുപ്പിന്റെ തീരുമാനം മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കു മാത്രമാണുള്ളത്. കൂടുതല്‍ പലിശയ്ക്കു കടമെടുത്തതിനാല്‍ 396 കോടി അധിക ബാധ്യതയുണ്ടായി. മസാല ബോണ്ട് വഴി 181 കോടി നഷ്ടമുണ്ടായി. പദ്ധതി നടത്തിപ്പില്‍ 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ ചട്ടങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും  മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം കമ്മിറ്റി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 

സംസ്ഥാന സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽ നിന്നും മാറി ഒരു സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബി പ്രവർത്തിച്ചെന്ന് സമിതി കണ്ടെത്തി. എന്നാൽ വൻതോതിൽ ഉള്ള കടമെടുപ്പിലൂടെ സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണസംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തിയതായി കമ്മിറ്റി കണ്ടെത്തി.

കിഫ്ബിയുടെ പ്രവർത്തനം മൂലം സംസ്ഥാനത്തിന് 13,103 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നേരിട്ട് നിക്ഷേപിച്ചിരുന്നെങ്കിൽ കൂടുതൽ തുക വികസനത്തിനായി പൂർണ സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. വരുമാനദായകം എന്ന് വിശേഷിപ്പിച്ച പല പദ്ധതികളും വരുമാനം നൽകുന്നവയായിരുന്നില്ല. കിഫ്ബിയുടെ പ്രവർത്തനത്തിൽ നിരവധി ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിച്ചെന്നും സമിതി കണ്ടെത്തി.

പ്രധാന കണ്ടെത്തലുകൾ:
* കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവ് ഉണ്ടായി. ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിക്കാൻ കാരണമായി.
* 2021 - 22 മുതൽ 2024 - 25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന സർക്കാർ കൈമാറിയ തുകയുടെ 99.4 ശതമാനവും കിഫ്ബിയുടെ വായ്പാ തിരിച്ചടവിനായാണ് ഉപയോഗിച്ചത്.
* ബജറ്റിന് പുറത്തുള്ള (off budget) വായ്പകളായതിനാൽ നിയമസഭയുടെ മേൽനോട്ടത്തിനും പരിശോധനയ്ക്കും വിധേയമാകുന്നില്ല.
* ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. വായ്പകൾക്ക് ഗ്യാരണ്ടി നൽകേണ്ട എന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടും മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ഗ്യാരണ്ടി നൽകാൻ തീരുമാനിച്ചു.
* കിഫ്ബിയുടെ പേരിൽ വൻ ധൂർത്ത് നടന്നു. കിഫ്ബിയുടെ വായ്പകളുടെ പലിശച്ചെലവ് സംസ്ഥാനത്തിന്റെ വായ്പകളുടെ പലിശച്ചെലവിനേക്കാൾ കൂടുതലായിരുന്നു. കിഫ്ബിയിൽ നിന്നുള്ള കടമെടുപ്പ് മൂലം പ്രതിവർഷം 396 കോടി രൂപ അധിക പലിശ ഒടുക്കേണ്ടി വരുന്നു. ആകെ അധിക ചെലവ് 1250 കോടി. മസാല ബോണ്ട് വഴി ഉണ്ടായ നഷ്ടം 181.73 കോടി രൂപ.
* കിഫ്ബി നിയമത്തിലെ വകുപ്പ് 8(1) പ്രകാരം വായ്പയെടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമായിരുന്നുവെങ്കിലും, ഈ വ്യവസ്ഥ പാലിച്ചില്ല.
*  2026 സെപ്റ്റംബർ 29ലെ കണക്കനുസരിച്ച്, കിഫ്ബിയുടെ ധനസമാഹരണ മാതൃക മൂലം സർക്കാരിന്റെ വരവിൽ 61,678.46 കോടി രൂപയുടെ കുറവ് ഉണ്ടായി. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കിഫ്ബി ചിലവഴിച്ച തുകയും അതിന്റെ ഫണ്ട് നീക്കിയിരിപ്പും കൂടി 48,574.82 കോടിയാണ്. പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയതിനാൽ സംസ്ഥാനത്തിന് ഇതുവരെ 13,103 കോടി രൂപ അധിക ചിലവ് കണക്കാക്കുന്നു.
* കിഫ്ബിയുടെ പദ്ധതികളിൽ വരുമാന ദായകം എന്ന ശീർഷകത്തിലുള്ള നിരവധി പദ്ധതികൾ യഥാർത്ഥത്തിൽ വരുമാനദായകം അല്ല.
* കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വം വലിയ തോതിൽ ഉണ്ട്. മൂന്ന് ജില്ലകൾക്ക് മാത്രമായി 41.6 ശതമാനം പദ്ധതികളും ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ കണ്ണൂരിൽ മാത്രമായി 52.9 ശതമാനവുമാണ് ഉണ്ടായിരിക്കുന്നത്. വ്യവസായ പദ്ധതികൾക്കായി കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നൽകി. നിലവിൽ കണ്ണൂരിൽ ആയിരം ഏക്കർ 2,489 കോടി രൂപ ചെലവിൽ   ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിയിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി യാതൊരു വ്യവസായ പ്രവർത്തികളും ആരംഭിച്ചിട്ടില്ല. 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരിൽ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. യാതൊരു വരുമാനവും ലഭിക്കാതെ ഭൂമി വിലയുടെ അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തത്.
* കിഫ്ബിക്ക് സംസ്ഥാന സർക്കാരിന്റെ സോവറിൻ ഗ്യാരണ്ടി നിലനിൽക്കുമ്പോൾ തന്നെ കിഫ്ബി 5821 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചിട്ടുണ്ട്.
*കിഫ്ബിയുടെ പബ്ലിസിറ്റി, പ്രമോഷൻ ചെലവുകളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ട്. 2025-26 സാമ്പത്തിക വർഷം 21.16 കോടി രൂപ അഡ്വർടൈസ്മെന്റ് ആന്റ് പ്രമോഷനായി കിഫ്ബി കണക്കിൽ കാണിച്ചപ്പോൾ യഥാർത്ഥത്തിൽ ആ വർഷം 203.72 കോടി രൂപ ചെലവഴിച്ചു.
* 40 പോസ്റ്റുകൾക്ക് മാത്രം സർക്കാർ അനുമതി ചെയ്തിരിക്കെ 498 ജോലിക്കാരാണ് കിഫ്ബിയിൽ നിലവിലുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളഘടന പരിഷ്‌കരിച്ചത്.
* കിഫ്ബി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നടത്തുന്നതിനും  ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി വരും വർഷങ്ങളിൽ കേരള സർക്കാരിന് 70,415.54 കോടി ആവശ്യമായി വരും. ഈ തിരിച്ചടവ് 2041- 42 വരെ തുടരും. ഇത് വരും വർഷങ്ങളിൽ സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഒഴികെയാണിത്.
* കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങളിൽ സിഎജി ഓഡിറ്റ് നടപ്പിലാക്കുക, കിഫ്ബിയുടെ വിപണി കടമെടുപ്പ് പൂർണ്ണമായി നിർത്തലാക്കുക, കിഫ്ബിയുടെ വായ്പകൾ തിരിച്ചടവിനായി സംസ്ഥാന ബജറ്റ് വഴി തുക വകയിരുത്തുക. ഉയർന്ന പലിശയുള്ള വായ്പകൾ കുറഞ്ഞ പലിശ വായ്പകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുക. കടം സർക്കാർ ഏറ്റെടുക്കുന്നപക്ഷം മോട്ടോർ വെഹിക്കിൾ ടാക്‌സ്, സെസ്സ് എസ്‌ക്രോ നൽകുന്നത് നിർത്തുക, നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുക സംസ്ഥാന ബജറ്റിൽ വകയിരുത്തുക തുടങ്ങിയവയാണ് സുധാപിള്ളയുടെ നേതൃത്വത്തിൽ തരുൺ ബജാജ്, ശ്യാം ശ്രീനിവാസൻ, നിലേഷ് വികംസെ, സുബ്ബലക്ഷ്മി നാരായൺ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശകൾ.

സിഎംഡിആർഎഫ് അർഹതാ മാനദണ്ഡം പുതുക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിന് അർഹതാ മാനദണ്ഡമായ കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോർട്ടൽ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടർക്ക് 25,000 രൂപയും അനുവദിക്കാൻ അധികാരം നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കളക്ടർമാക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 ന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. പൊതുഫണ്ട് ഉപയോഗിച്ച് സർക്കാർ വകുപ്പുകൾ, ഓഫീസുകൾ, ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡേറ്റയുടെ വർഗീകരണം, പങ്കിടൽ, ഉത്തരവാദിത്വത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവയ്ക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്റ്റേറ്റ് ഡേറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്. ഒരു പൊതു ഡേറ്റ എക്സ്ചേഞ്ച് പ്ലാറ്റ് ഫോം വഴി കൃത്യമായ സർക്കാർ ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുന്നതിനും ഡേറ്റയുടെ ഗുണനിലവാരം, പരസ്പര പ്രവർത്തന ക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതുമാണ് നയത്തിന്റെ ലക്ഷ്യം. സർക്കാർ വകുപ്പുകൾക്കിടയിൽ ഡേറ്റ (വിവരങ്ങൾ) പരസ്പരം പങ്കിടുന്നതിന് സാങ്കേതികമായ ഒരു സംവിധാനം രൂപീകരിക്കേണ്ട ആവശ്യകതയിൽ നിന്നാണ് സംസ്ഥാന ഡേറ്റ പോളിസി എന്ന നിർദേശം ഉയർന്നു വന്നത്. കേരള സ്റ്റേറ്റ് ഐടി മിഷനാണ് സ്റ്റേറ്റ് ഡേറ്റ പോളിസി തയാറാക്കിയത്.

റവന്യൂ വകുപ്പിൽ 15 വർഷം രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കുകയും നിലവിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ 152 വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ തുക അനുവദിച്ചു.

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ബിറ്റുമിന്റെ വിലയിലുണ്ടായ അസാധാരണമായ വർധനയുടെ പശ്ചാത്തലത്തിൽ, ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിൻ വില വ്യത്യാസം നൽകുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ ദീർഘിപ്പിക്കാനും, റോഡ് പ്രവർത്തികൾ നിർവഹിക്കുന്ന എല്ലാ എഞ്ചിനിയറിങ് വകുപ്പുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ബാധകമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു