യു എസ് അംഗീകാരമില്ലാത്ത ഇറാന്‍ പരമോന്നത നേതാവ് അധികകാലമുണ്ടാവില്ലെന്ന് ട്രംപ്

യു എസ് അംഗീകാരമില്ലാത്ത ഇറാന്‍ പരമോന്നത നേതാവ് അധികകാലമുണ്ടാവില്ലെന്ന് ട്രംപ്


വാഷിങ്ടണ്‍: അമേരിക്കയുടെ അംഗീകാരമില്ലെങ്കില്‍ ഇറാന്റെ അടുത്ത പരമോന്നത നേതാവിന് അധികകാലം അധികാരത്തിലിരിക്കാനാവില്ലെന്ന വിവാദ പരാമര്‍ശവുമായി ഡൊണള്‍ഡ് ട്രംപ്. ഞായറാഴ്ച എ ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. 

ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ സാഹചര്യം നേരിടേണ്ടിവരാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ ആണവായുധം നേടാന്‍ അനുവദിക്കാനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പഴയ ഭരണകൂടവുമായി ബന്ധമുള്ള ഒരാളെയും അംഗീകരിക്കില്ലേ എന്ന ചോദ്യത്തിന് ഒരു നല്ല നേതാവിനെ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നുവെങ്കില്‍ അതിന് തയ്യാറാണെന്നും യോഗ്യരായ നിരവധി പേര്‍ ഉണ്ടാകാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, ഇറാന്‍ മിഡില്‍ ഈസ്റ്റ് മുഴുവന്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. അവര്‍ മുമ്പ് ശക്തരായിരുന്നുവെങ്കിലും ഇപ്പോള്‍ 'കടലാസു പുലി' മാത്രമാണെന്നും ട്രംപ് പരിഹസിച്ചു. മുഴുവന്‍ മിഡില്‍ ഈസ്റ്റിനെയും ആക്രമിച്ച് നിയന്ത്രണം നേടാനുള്ള പദ്ധതിയിലായിരുന്നു ഇറാനെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ സമ്പുഷ്ടമായ യൂറേനിയം ശേഖരങ്ങള്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രത്യേക സേനയെ അയയ്ക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. എല്ലാ വഴികളും പരിഗണനയിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ആയുധ നിലവാരത്തിലേക്ക് എത്താന്‍ കഴിയുന്നത്ര യൂറേനിയം പത്ത് ദിവസത്തിനുള്ളില്‍ ഇറാന് തയ്യാറാക്കാനാകുമെന്നായിരുന്നു അമേരിക്കന്‍ ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഈ യുറേനിയത്തിന്റെ വലിയ പങ്കും നതാന്‍സ് ന്യൂക്ലിയര്‍ ഫെസിലിറ്റി, ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ ടെക്‌നോളജി സെന്റര്‍, ഫോര്‍ഡോ ഫ്യൂവല്‍ എന്റിച്ച്‌മെന്റ് പ്ലാന്റ്  എന്നിവിടങ്ങളിലാണെന്നാണ് വിലയിരുത്തല്‍.

യുദ്ധത്തില്‍ കൊല്ലപ്പെട്ട ആറു അമേരിക്കന്‍ സൈനികരുടെ കുടുംബാംഗങ്ങളുമായി വാരാന്ത്യത്തില്‍ കൂടിക്കാഴ്ച നടത്തിയതായും ട്രംപ് പറഞ്ഞു. ഈ സംഭവങ്ങള്‍ യുദ്ധത്തെക്കുറിച്ചുള്ള നിലപാട് മാറ്റാന്‍ കാരണമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധം എത്രകാലം നീളുമെന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ സമയപരിധി പറയാന്‍ തയ്യാറായില്ല. തങ്ങള്‍ സമയം കൊണ്ടും സൈനിക ശക്തിയാലും മുന്നിലാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, യുദ്ധത്തെ തുടര്‍ന്ന് ഉയര്‍ന്ന ഇന്ധനവിലയെക്കുറിച്ചുള്ള ആശങ്കകളും ട്രംപ് തള്ളിക്കളഞ്ഞു. അത് 'ചെറിയ തടസ്സം' മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ നാവികസേന, വ്യോമസേന, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയെ അമേരിക്ക തകര്‍ത്തുവെന്ന അവകാശവാദവും ട്രംപ് ഉന്നയിച്ചു.

ഈ സൈനിക നടപടി തന്റെ രാഷ്ട്രീയ പിന്തുണയെ ബാധിച്ചിട്ടില്ലെന്നും മറിച്ച് തന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍ പിന്തുണക്കാര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതി നേടിയതായും ട്രംപ് അവകാശപ്പെട്ടു.