വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടപ്പാക്കിയ താരിഫ് നയങ്ങൾ കഴിഞ്ഞ വർഷം അമേരിക്കയിലെ ഓരോ കുടുംബത്തിനും ശരാശരി 1,000 ഡോളറിന്റെ അധിക ചെലവ് വരുത്തിയതായി സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ടാക്‌സ് ഫൗണ്ടേഷൻ റിപ്പോർട്ട്. നിലവിലുള്ള താരിഫുകൾ തുടരുകയാണെങ്കിൽ ഈ വർഷം ഈ ചെലവ് 1,300 ഡോളറായി ഉയരുമെന്നും പഠനം പറയുന്നു.
1993ന് ശേഷം ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ ഉണ്ടായ ഏറ്റവും വലിയ നികുതി വർധനവാണ് ട്രംപിന്റെ താരിഫുകളെന്ന് ടാക്‌സ് ഫൗണ്ടേഷൻ വിലയിരുത്തുന്നു. ജീവിതച്ചെലവ് ഇതിനകം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഈ നയം സാധാരണ ജനങ്ങളുടെ സാമ്പത്തിക സമ്മർദം കൂട്ടുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2025ൽ താരിഫ് വഴി ഫെഡറൽ സർക്കാരിന് ലഭിച്ചത് 264 ബില്യൺ ഡോളർ വരുമാനം മാത്രമാണെന്നും, വൈറ്റ് ഹൗസ് അവകാശപ്പെടുന്ന ട്രില്യൺ ഡോളർ വരുമാനത്തിൽ നിന്ന് ഇത് ഏറെ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. ഈ വർഷം പ്രാബല്യത്തിൽ വന്ന ട്രംപിന്റെ പുതിയ നികുതി ഇളവുകളിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ താരിഫുകൾ മൂലം ഇല്ലാതാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, അമേരിക്കയുടെ ശരാശരി താരിഫ് നിരക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ പത്ത് മടങ്ങോളം ഉയർന്നെങ്കിലും പണപ്പെരുപ്പം കുറയുകയും യഥാർഥ വേതനം വർധിക്കുകയും ജിഡിപി വളർച്ച വേഗം പിടിക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.
വിദേശത്ത് നിർമിക്കുന്ന ഇലക്ട്രോണിക്‌സ്, കളിപ്പാട്ടങ്ങൾ, കാറുകൾ, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലയിലാണ് താരിഫുകളുടെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്. കാപ്പിയുടെ വില 33.6 ശതമാനവും, ഗ്രൗണ്ട് ബീഫ് 19.3 ശതമാനവും, റോമെയ്ൻ ലെറ്റിയൂസ് 16.8 ശതമാനവും, ഫ്രോസൻ ഓറഞ്ച് ജ്യൂസ് 12.4 ശതമാനവും ഉയർന്നതായി കണക്കുകൾ പറയുന്നു.
ടാക്‌സ് ഫൗണ്ടേഷൻ കണക്കുകൾ പ്രകാരം, 2024ലെ ഏകദേശം 2 ശതമാനമായിരുന്ന അമേരിക്കയുടെ ഫലപ്രദമായ താരിഫ് നിരക്ക് 2025ൽ 10 ശതമാനത്തിനടുത്തേക്ക് ഉയർന്നു. ഇത് 1946ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. ഡിസംബറിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം വാർഷിക പണപ്പെരുപ്പ നിരക്ക് 2.7 ശതമാനമായി തുടരുകയാണ്.
ട്രംപിന്റെ നികുതി ഭാരം: അമേരിക്കൻ കുടുംബങ്ങൾക്ക് വർഷത്തിൽ ശരാശരി 1,000 ഡോളർ അധിക ചെലവ്
