ബഹിരാകാശ അവശിഷ്ടങ്ങള്‍ വീണ്് മേല്‍ക്കൂര തകര്‍ന്നു; നാസയില്‍ നിന്ന് 80,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് കുടുംബം

ബഹിരാകാശ അവശിഷ്ടങ്ങള്‍ വീണ്് മേല്‍ക്കൂര തകര്‍ന്നു; നാസയില്‍ നിന്ന് 80,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഎസ് കുടുംബം


ഫ്‌ലോറിഡ: ബഹിരാകാശത്ത് നിന്ന് ഒരു ചെറിയ അവശിഷ്ടം വീണു വീടിന്റെ മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ ഒരു കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാസയെ സമീപിച്ചു.

80,000 ഡോളറില്‍ കൂടുതല്‍ അവകാശവാദം ഉന്നയിച്ചതായാണ് വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് എട്ടിന് ഫ്‌ലോറിഡയിലെ നേപ്പിള്‍സിലെ അലജാന്‍ഡ്രോ ഒട്ടെറോ എന്നയാളുടെ വീട്ടിന്റെ മേല്‍ക്കൂരയിലാണ് 700 ഗ്രാം ഭാരമുള്ള ബഹിരാകാശ അവശിഷ്ടങ്ങള്‍ പതിച്ചത്. വസ്തുക്കള്‍ പതിട്ടതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന് വലിയ ദ്വാരം രൂപപ്പെട്ടതായി നിയമ സ്ഥാപനമായ ക്രാന്‍ഫില്‍ സമ്‌നര്‍ പറഞ്ഞു. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ബഹിരാകാശത്ത് ഭ്രമണപഥങ്ങളിലും അല്ലാതെയുമായി വര്‍ഷങ്ങളായി വിക്ഷേപിക്കപ്പെട്ട പരീക്ഷണ വസ്തുക്കളും ഉപഗ്രഹങ്ങളുമെല്ലാം കാലപരിധി കഴിഞ്ഞ് ഉപയോഗശൂന്യമായി മാറിയിട്ടുണ്ട്. ഇവയെ ബഹിരാകാശ മാലിന്യങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഫ്‌ലോറിഡയിലെ വീട്ടില്‍ ഉണ്ടായ സംഭവം നാസ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമല്ല. എന്നാല്‍ നാസയുടെ പ്രതികരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഇത്തരം അനിഷ്ട സംഭവങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന് ഒരു മാതൃകയായിരിക്കുമെന്ന് ക്രാന്‍ഫില്‍ സമ്‌നര്‍ ചൂണ്ടിക്കാട്ടി.

'പരിക്കോ മരണമോ ഉണ്ടായേക്കാം'

ഇടിയുടെ സമയത്ത് ഒട്ടെറോയുടെ മകന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് ക്രാന്‍ഫില്‍ സമ്‌നര്‍ പറഞ്ഞു. 'ഈ സംഭവം അവരുടെ ജീവിതത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും മതിയായ നഷ്ടപരിഹാരമാണ് തന്റെ കക്ഷികള്‍ തേടുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകനായ മൈക്ക എന്‍ഗുയെന്‍ വോര്‍ത്തി പറഞ്ഞു.

'ഈ സംഭവത്തില്‍ ആര്‍ക്കും ശാരീരിക പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നതില്‍ അവര്‍ നന്ദിയുള്ളവരാണ്, എന്നാല്‍ ഇതുപോലുള്ള ഒരു മോശം സാഹചര്യം വിനാശകരമാകുമായിരുന്നുവെന്നും വോര്‍ത്തി പറഞ്ഞു. ഗുരുതരമായ പരിക്കോ മരണമോ ഉണ്ടായേക്കാമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

അവശിഷ്ടങ്ങള്‍ പരിശോധിച്ചു

2021ല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മാലിന്യമായി തുറന്നുവിട്ട ഉപയോഗിച്ച ബാറ്ററികളുടെ ചരക്ക് പാലറ്റിന്റെ ഭാഗമാണ് വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച അവശിഷ്ടങ്ങളെന്ന് നാസ സ്ഥിരീകരിച്ചു.

ഭൂമിയില്‍ വീഴുന്നതിന് മുമ്പ് പൂര്‍ണ്ണമായും വിഘടിക്കുന്നതിനുപകരം, അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ ഒരു ഭാഗം കേടുകൂടാതെ തുടരുകയാണെന്ന് യുഎസ് ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.