വാഷിംഗ്ടണ്‍: വെനിസ്വേലന്‍ നേതാവ് നിക്കോളാസ് മദുറോയ്ക്കെതിരായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദനയം, ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും അമേരിക്ക നടത്തിയ ദീര്‍ഘകാല ഇടപെടലുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ അധ്യായം. 1823-ലെ മണ്‍റോ സിദ്ധാന്തത്തിലാണ് ഈ നയങ്ങളുടെ അടിസ്ഥാനമുളളത്. എന്നാല്‍ 20-ാം നൂറ്റാണ്ടിലാണ് ഇത് പൂര്‍ണമായി നടപ്പാക്കപ്പെട്ടത്. അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാനും കമ്മ്യൂണിസത്തെ പ്രതിരോധിക്കാനുമെന്ന പേരിലാണ് യു എസ് ഇടപെടലുകള്‍ നടത്തിയത്.
അടുത്തിടെയാണ് വെനിസ്വേലന്‍ മയക്കുമരുന്നുകള്‍ കടത്തുന്നുവെന്ന് വൈറ്റ് ഹൗസ് ആരോപിച്ച ബോട്ടുകള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍, വെനിസ്വേലന്‍ എണ്ണ ടാങ്കറുകള്‍ പിടിച്ചെടുക്കല്‍, ഒരു വെനിസ്വേലന്‍ തുറമുഖത്തിനെതിരായ സി ഐഎ ആക്രമണം തുടങ്ങിയവ നടത്തിയത്. പ്രസിഡന്റ് തിയഡോര്‍ റൂസ്വെല്‍റ്റിന്റെ കാലഘട്ടത്തില്‍ ആരംഭിച്ച 'ബിഗ് സ്റ്റിക്' നയത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങളും വിലയിരുത്തപ്പെടുന്നത്. യൂറോപ്യന്‍ ശക്തികളെ ഈ മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ പ്രസിഡന്റ് ജെയിംസ് മണ്‍റോ മുന്നോട്ടുവച്ച മണ്‍റോ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയായിരുന്നു റൂസ്വെല്‍റ്റ് ഈ സമീപനം വികസിപ്പിച്ചത്.
1898-ല്‍ ക്യൂബയില്‍ സ്‌പെയിനിനെതിരെ യുദ്ധം ചെയ്ത അനുഭവമുള്ള റൂസ്വെല്‍റ്റ്, നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ക്ക് ശക്തി പകരാന്‍ സൈനിക ഇടപെടല്‍ ഉപയോഗിച്ച്, മേഖലയില്‍ ഏകപക്ഷീയമായി 'പൊലീസ്' ചുമതല വഹിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ടെന്ന് പ്രഖ്യാപിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, പ്രത്യേകിച്ച് ഫിഡല്‍ കാസ്‌ട്രോയെ ക്യൂബയില്‍ അധികാരത്തിലെത്തിച്ച വിപ്ലവത്തിന് പിന്നാലെ, ഈ മേഖലയില്‍ കമ്മ്യൂണിസം വ്യാപിക്കാതിരിക്കാന്‍ ശ്രമിക്കുകയെന്നതായിരുന്നു വാഷിംഗ്ടണിന്റെ പ്രധാന ലക്ഷ്യം.
ശീതയുദ്ധ കാലഘട്ടത്തില്‍ ഇടപെടലുകള്‍ കൂടുതലും രഹസ്യമായിരുന്നു. 1980-കളോടെ കൂടുതല്‍ തുറന്ന നടപടികള്‍ കാണാന്‍ തുടങ്ങി എന്നാണ് ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ- അന്താരാഷ്ട്രബന്ധ വിദഗ്ധനായ എഡ്വാര്‍ഡോ ഗമാറയുടെ വിശദീകരണം.
ഈ മേഖലയില്‍ അമേരിക്ക പിന്തുടര്‍ന്നത് 'സ്ട്രാറ്റജിക് ഡിനയല്‍' നയമായിരുന്നുവെന്നും അമേരിക്കയ്ക്ക് പുറത്തുള്ള ശക്തികളെ മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ഗമാറ പറഞ്ഞു.
1800-കളില്‍ അത് യൂറോപ്യന്‍ ശക്തികളായിരുന്നുവെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അത് പ്രധാനമായും സോവിയറ്റ് യൂണിയനെയായിരുന്നു ഉദ്ദേശിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ചരിത്ര പ്രഫസര്‍ എഡ്വേര്‍ഡ് മര്‍ഫിയുടെ അഭിപ്രായത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയും ലാറ്റിന്‍ അമേരിക്കയിലെ നിരവധി വലതുപക്ഷ സര്‍ക്കാരുകളും ചേര്‍ന്ന് കമ്മ്യൂണിസം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ അനുവദനീയമല്ല എന്ന നിലപാട് പങ്കുവെച്ചു. ഇത് വിദേശ ആശയധാരയായതിനാല്‍ അമേരിക്കയില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യേണ്ടതാണെന്ന വാദമാണ് മണ്‍റോ സിദ്ധാന്തം ഉപയോഗിച്ച് അവര്‍ ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
1980-കളുടെ മധ്യത്തോടെ ഈ മേഖലയിലെ അമേരിക്കന്‍ ശ്രദ്ധ ശീതയുദ്ധത്തില്‍ നിന്ന് മയക്കുമരുന്ന് യുദ്ധത്തിലേക്ക് മാറിയതായും ഗമാറ വ്യക്തമാക്കി.
മണ്‍റോ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട അമേരിക്കന്‍ നയം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ദശകങ്ങളോളം ഈ പ്രദേശത്തെ സ്വാധീനിച്ചു. പലപ്പോഴും തുറന്നും രഹസ്യമായും നടന്ന ഇടപെടലുകള്‍, നിരവധി സന്ദര്‍ഭങ്ങളില്‍ മോശം ഫലങ്ങളിലേക്കും അപ്രതീക്ഷിത പ്രത്യാഘാതങ്ങളിലേക്കും നയിച്ചതായി വിലയിരുത്തപ്പെടുന്നു.
ഗ്വാട്ടിമാല സര്‍ക്കാരിനെ അട്ടിമറിച്ചത്
1954-ഓടെ ഗ്വാട്ടിമാലയില്‍ നടപ്പാക്കിയ ഭൂമിപരിഷ്‌കരണ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൈ്വറ്റ് ഡി ഐസന്‍ഹവറിനെ ആശങ്കപ്പെടുത്തി. യു എസ് ആസ്ഥാനമായ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടേതായ ഭൂമികള്‍ ദേശീയവത്കരിക്കുന്നതായിരുന്നു പദ്ധതി. 1951-ല്‍ അധികാരത്തിലെത്തിയ ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് ജാക്കോബോ ആര്‍ബെന്‍സിന്റെ നേതൃത്വത്തിലായിരുന്നു ഇത്. വിദേശകാര്യ സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡല്ലസ്, ആര്‍ബെന്‍സ് 'കമ്മ്യൂണിസ്റ്റ് രീതിയിലുള്ള ഭീകരഭരണം' സ്ഥാപിച്ചുവെന്ന് ആരോപിച്ചു.
ഇതിന് മറുപടിയായി, അമേരിക്ക ആര്‍ബെന്‍സിനെ ദുര്‍ബലപ്പെടുത്തുകയും സൈനിക അട്ടിമറിയെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് ഗമാറ പറഞ്ഞു.
സി ഐ എ നടത്തിയ രഹസ്യ മാനസികയുദ്ധ പദ്ധതിയും അട്ടിമറിയുമാണ് ആര്‍ബെന്‍സ് ഭരണത്തെ വീഴ്ത്തിയത്. തുടര്‍ന്ന് അധികാരത്തിലെത്തിയ കാര്‍ലോസ് കാസ്റ്റില്ലോ ആര്‍മാസ് 1980-കളുടെ മധ്യം വരെ ഗ്വാട്ടിമാല ഭരിച്ച യു എസ് പിന്തുണയുള്ള ഭരണാധികാരികളുടെ തുടക്കമായിരുന്നു.
ബേ ഓഫ് പിഗ്‌സ് ആക്രമണം
1961-ല്‍ അധികാരത്തിലെത്തിയ ഉടന്‍, ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയെ അട്ടിമറിക്കാന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെനഡി ഒരു രഹസ്യ പദ്ധതി അംഗീകരിച്ചു. 1,400 ഓളം സി ഐ എ പരിശീലനം നേടിയ ക്യൂബന്‍ പ്രവാസികളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. എന്നാല്‍ പദ്ധതി പരാജയപ്പെട്ടു. കാസ്‌ട്രോ 20,000 സൈനികരെ വിന്യസിച്ചു. ആക്രമണസേന കീഴടങ്ങേണ്ടിവന്നു. ഇത് അമേരിക്കയ്ക്ക് വലിയ അപമാനമായി.
ഈ സംഭവമാണ് 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയിലേക്ക് നയിച്ചത്. ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ച അതീവ ഗുരുതരമായ ശീതയുദ്ധ ഏറ്റുമുട്ടല്‍.
ഗ്രനേഡയിലെ അമേരിക്കന്‍ അധിനിവേശം
1983-ല്‍ രാഷ്ട്രീയ അസ്ഥിരത നേരിട്ടിരുന്ന ഗ്രനേഡയില്‍, പ്രസിഡന്റ് റോണാള്‍ഡ് റീഗന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സൈന്യം 'ഓപ്പറേഷന്‍ അര്‍ജന്റ് ഫ്യൂറി' എന്ന പേരില്‍ ഇടപെട്ടു. കുറച്ച് ദിവസങ്ങള്‍ മാത്രം നീണ്ട സൈനിക നടപടി, താത്ക്കാലിക സര്‍ക്കാര്‍ രൂപീകരണത്തിലേക്കും 1984-ലെ തെരഞ്ഞെടുപ്പിലേക്കും വഴിവെച്ചു. തുടര്‍ന്ന് ഗ്രനേഡയില്‍ സ്ഥിരതയുള്ള ജനാധിപത്യം നിലനിന്നതായി വിലയിരുത്തപ്പെടുന്നു.
നിക്കരാഗ്വയിലെ കോണ്‍ട്രാസിനുള്ള പിന്തുണ
സാന്‍ഡിനിസ്റ്റ വിപ്ലവത്തിനു ശേഷം അധികാരത്തിലെത്തിയ ഡാനിയല്‍ ഓര്‍ടേഗയെ അട്ടിമറിക്കാന്‍ പ്രസിഡന്റ് റീഗന്‍ കോണ്‍ട്രാസ് എന്ന സായുധസംഘത്തെ പിന്തുണച്ചു. കോണ്‍ഗ്രസിന്റെ വിലക്കിനെ മറികടന്ന് രഹസ്യമായി നടത്തിയ സഹായം 'ഇറാന്‍കോണ്‍ട്രാ' വിവാദമായി മാറി.
'കോണ്‍ട്രാ യുദ്ധം സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും നാശകരമായിരുന്നു,' മര്‍ഫി പറഞ്ഞു.
പനാമയിലെ അമേരിക്കന്‍ അധിനിവേശം
1989-ല്‍, ജനറല്‍ മാനുവല്‍ നോറിയേഗയെ പുറത്താക്കാന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു. ബുഷ് 'ഓപ്പറേഷന്‍ ജസ്റ്റ് കോസ്' ആരംഭിച്ചു. 20,000 അമേരിക്കന്‍ സൈനികരുടെ ഇടപെടലിലൂടെ നോറിയേഗയെ അധികാരത്തില്‍ നിന്ന് നീക്കി അമേരിക്കന്‍ കസ്റ്റഡിയില്‍ എടുത്തു.
നോറിയേഗയെ പുറത്താക്കിയതിന് ശേഷം പനാമയില്‍ ജനാധിപത്യവും സാമ്പത്തിക വളര്‍ച്ചയും നിലനിന്നതായി ഗമാറ പറഞ്ഞു. എന്നാല്‍, മര്‍ഫിയുടെ അഭിപ്രായത്തില്‍, 'നോറിയേഗ അധികാരത്തില്‍ ഇല്ലാതായി' എന്നതൊഴിച്ചാല്‍ അതിനുശേഷം ഉണ്ടായ നല്ല മാറ്റങ്ങള്‍ക്ക് അധിനിവേശം നേരിട്ട് കാരണമാണെന്ന് പറയാനാവില്ല.
