ഇറാനെ ചര്‍ച്ചകളിലേക്കെത്തിക്കാന്‍ യു എസും ഇസ്രായേലും സൈനിക നീക്കത്തിനെന്ന് റിപ്പോര്‍ട്ട്

ഇറാനെ ചര്‍ച്ചകളിലേക്കെത്തിക്കാന്‍ യു എസും ഇസ്രായേലും സൈനിക നീക്കത്തിനെന്ന് റിപ്പോര്‍ട്ട്


വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ശക്തമാകുന്നതിനിടെ ഇറാനെ ചര്‍ച്ചകളിലേക്ക് സമ്മര്‍ദ്ദത്തിലാക്കാന്‍ യു എസും ഇസ്രായേലും ചേര്‍ന്ന് 'ചുരുങ്ങിയ സൈനിക നീക്കം' ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇറാനിലെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയ നടപടികളും ഉള്‍പ്പെടുന്ന പദ്ധതികളാണ് പരിഗണനയിലെന്നാണ് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ഏപ്രില്‍ തുടക്കത്തില്‍ ഉണ്ടായ വെടിനിര്‍ത്തലിന് മുമ്പേ തന്നെ ഈ സൈനിക പദ്ധതികളുടെ ഭൂരിഭാഗവും തയ്യാറാക്കിയതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചര്‍ച്ചകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ഇറാനെ നിര്‍ബന്ധിതമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്നതാണ് ഇസ്രായേല്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍.

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചര്‍ച്ചകളിലെ മുടക്കം സംബന്ധിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണയുദ്ധത്തിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്ന സൂചനയും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധനടപടികള്‍ പുന:രാരംഭിക്കാനുള്ള അന്തിമ തീരുമാനം ട്രംപിനാണെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇറാനും യു എസും തമ്മിലുള്ള ചര്‍ച്ചകളില്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്ന ഇസ്രായേല്‍ ഗള്‍ഫ് മേഖല ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ പുതിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സൈനിക തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയന്ത്രിത സുരക്ഷാ യോഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയതായും ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുപ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാരോട് നിര്‍ദേശിച്ചതായും വിവരമുണ്ട്. 

അതേസമയം, യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇറാനും യു എസും തമ്മിലുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചിട്ടില്ലെന്ന് പെന്റഗണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇറാന്‍ യു എ ഇയെയും ഒമാനെയും ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതിന് പിന്നാലെയായിരുന്നു ഹെഗ്‌സെത്തിന്റെ പ്രതികരണം.

ഇറാന്‍ വിഷയത്തില്‍ ട്രംപിനെ ബെഞ്ചമിന്‍ നെതന്യാഹു സ്വാധീനിക്കുകയാണെന്ന ആരോപണവും ഹെഗ്‌സെത്ത് തള്ളി. ഇസ്രായേലിന്റെ നിര്‍ദ്ദേശങ്ങളും വിലയിരുത്തലുകളും യു എസ് വിലമതിക്കുന്നുണ്ടെന്നും ഇറാനില്‍ നിന്നുള്ള ഭീഷണിയുടെ ഗൗരവം അവര്‍ നേരിടുന്ന സാഹചര്യത്തില്‍ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.