ട്രംപിന്റെ പുതിയ വ്യാപാര കരാര്‍ വെറും കെട്ടുകാഴ്ച മാത്രമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ

ട്രംപിന്റെ പുതിയ വ്യാപാര കരാര്‍ വെറും കെട്ടുകാഴ്ച മാത്രമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ


വാഷിംഗ്ടണ്‍: ട്രംപിന്റെ പുതിയ വ്യാപാര കരാറുകള്‍ വെറും കാഴ്ചക്ക് മാത്രമുള്ളതാണെന്ന് വൈറ്റ് ഹൗസില്‍ നിന്നുള്ള പൊളിറ്റിക്കോ  റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ താരിഫ് ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോകുന്നുണ്ട്. 

റിപ്പോര്‍ട്ട് അനുസരിച്ച് പ്രസിഡന്റിന്റെ താരിഫ് മുന്നറിയിപ്പുകള്‍ യഥാര്‍ഥ നയ നടപടികളേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ലക്ഷ്യമിട്ടുള്ള നാടകത്തിന്റെ ഭാഗമാണ്.

ഉയര്‍ന്ന താരിഫ് നടപ്പാക്കാനുള്ള 90 ദിവസത്തെ കൗണ്ട്ഡൗണ്‍ അതിവേഗം അടുക്കുകയാണെങ്കിലും വൈറ്റ് ഹൗസിനുള്ളിലെ അന്തരീക്ഷം ഗൗരവത്തിലല്ലെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു. കരാറുകള്‍ ഉറപ്പാക്കാന്‍ തിരക്കുകൂട്ടുന്നതിനുപകരം ചര്‍ച്ചക്കാരും ഉദ്യോഗസ്ഥരും വരാനിരിക്കുന്ന സമയപരിധി കാര്യമായി പരിഗണിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുണ്ട്.

പ്രസിഡന്റിന്റെ ഏറ്റവും രസകരമായ ഭാഗം താരിഫ് സംഭാഷണമാണെന്ന് ട്രംപിന് അറിയാമെന്നും അദ്ദേഹം അത് അത്ര എളുപ്പത്തില്‍ ഉപേക്ഷിക്കുമെന്ന് തനിക്ക് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഇതെല്ലാം വ്യാജമാണെന്നും സമയപരിധിയില്ലെന്നും വൈറ്റ് ഹൗസിലെ ഒരാള്‍ പറഞ്ഞു. 

ട്രംപ് വ്യാപാര ചര്‍ച്ചകള്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, യു എസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവരരെയാണ് ഏല്‍പ്പിച്ചതെങ്കിലും റിപ്പോര്‍ട്ട് അനുസരിച്ച് മൂവരും വ്യത്യസ്ത ദിശകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പറയുന്നു. 

പല രാജ്യങ്ങളും ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ അയച്ചതായും മീറ്റിംഗുകള്‍ നടത്താതെയോ യു എസ് യഥാര്‍ഥത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ആശയക്കുഴപ്പത്തിലായതോ മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞ രാജ്യങ്ങളെ പിന്നീട് ട്രംപ് ഓണ്‍ലൈനില്‍ പരസ്യമായി വിമര്‍ശിച്ചു.

വ്യക്തമായ ഒരു പദ്ധതിയുടെ അഭാവവും പ്രസിഡന്റിന്റെ മാറുന്ന സ്വരവും വാഷിംഗ്ടണിലെ പലരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. താരിഫുകള്‍ക്കായുള്ള 90 ദിവസത്തെ സമയം കുറയ്ക്കുകയോ നീട്ടുകയോ ചെയ്യാമെന്ന് ട്രംപ് അടുത്തിടെ സൂചന നല്‍കി. 

വൈറ്റ് ഹൗസിന് പുറത്ത് വിദേശ ഉദ്യോഗസ്ഥരും നിയമനിര്‍മ്മാതാക്കളും വ്യാപാര രംഗത്തുള്ളവരും പ്രക്രിയയെക്കുറിച്ച് കൂടുതല്‍ സംശയാലുക്കളായി മാറിക്കൊണ്ടിരിക്കുകയാണ്.