അമേരിക്കയില്‍ ശീതകാല കൊടുങ്കാറ്റ്; 200 മില്യണ്‍ പേര്‍ക്ക് ഭീഷണി

അമേരിക്കയില്‍ ശീതകാല കൊടുങ്കാറ്റ്; 200 മില്യണ്‍ പേര്‍ക്ക് ഭീഷണി


വാഷിംഗ്ടണ്‍: വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന അത്യന്തം ശക്തമായ ശീതകാല കൊടുങ്കാറ്റിനെ തുടര്‍ന്ന് 200 മില്യണിലധികം അമേരിക്കക്കാര്‍ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയും മഞ്ഞുമഴയും വിവിധ പ്രദേശങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്.

ഹൈ പ്ലെയിന്‍സ്, റോക്കീസ് മേഖലകളില്‍ നിന്ന് കിഴക്കോട്ട് നീങ്ങുന്ന ഈ കൊടുങ്കാറ്റ് രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ ബാധിക്കുമെന്നും അതിനു പിന്നാലെ അത്യന്തം അപകടകരമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുമെന്നും യു എസ് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

ആര്‍ക്ക്ടിക് ശൈത്യ കാറ്റിന്റെ ഭാഗമായി താഴ്ന്ന താപനിലയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും ജീവന്‍പോലും അപകടത്തിലാക്കുന്ന അവസ്ഥകള്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

വാരാന്ത്യത്തില്‍ യാത്രാ തടസ്സങ്ങളും വൈകലുകളും വിമാന റദ്ദാക്കലുകളും ഉണ്ടാകുമെന്ന് വിമാനത്താവള അതോറിറ്റികള്‍ ഉള്‍പ്പെടെയുള്ള ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.

മെംഫിസ്, നാഷ്വില്‍, വാഷിങ്ടണ്‍ ഡി സി, ബാള്‍ട്ടിമോര്‍, ഫിലഡല്‍ഫിയ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നു. തെക്കന്‍ റോക്കീസ്, പ്ലെയിന്‍സ് മേഖലകളില്‍ നിന്ന് മിഡ്-അറ്റ്ലാന്റിക് വഴിയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും കനത്ത മഞ്ഞുവീഴ്ച വ്യാപിക്കും.

കൊളറാഡോ മുതല്‍ വെസ്റ്റ് വെര്‍ജീനിയ വഴി ബോസ്റ്റണ്‍ വരെ ചില പ്രദേശങ്ങളില്‍ ഒരു അടിയിലധികം മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്.

വടക്കുകിഴക്കന്‍ ന്യൂജഴ്സിയും തെക്കുകിഴക്കന്‍ ന്യൂയോര്‍ക്കും ന്യൂയോര്‍ക്ക് സിറ്റി ഉള്‍പ്പെടെ, ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തിങ്കളാഴ്ച വരെ 10 മുതല്‍ 14 ഇഞ്ച് വരെ മഞ്ഞുവീഴ്ച അനുഭവപ്പെടുമെന്ന് അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച ഉച്ചവരെ മൈനസ് 10 ഡിഗ്രി ഫാറന്‍ഹീറ്റ് തണുപ്പ് രേഖപ്പെടുത്താനും സാധ്യതയുണ്ട്.

ബോസ്റ്റണ്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ന്യൂ ഇംഗ്ലണ്ടില്‍ 12 മുതല്‍ 17 ഇഞ്ച് വരെ മഞ്ഞുവീഴ്ചയും മണിക്കൂറില്‍ 30 മൈല്‍ വരെ കാറ്റുവീശലും പ്രതീക്ഷിക്കുന്നു. അവിടെ കാറ്റ് തണുപ്പ് മൈനസ് 15 ഡിഗ്രി ഫാറന്‍ഹീറ്റ് വരെ എത്തുമെന്നും അറിയിച്ചു.

നോര്‍ത്ത് പ്ലെയിന്‍സ് മേഖലകളില്‍ കാറ്റ് തണുപ്പ് മൈനസ് 50 ഡിഗ്രി ഫാറന്‍ഹീറ്റില്‍ താഴെയെത്താന്‍ സാധ്യതയുണ്ടെന്നും നിരവധി കുറഞ്ഞ താപനില റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുമെന്നും വ്യക്തമാക്കി. അമേരിക്കയുടെ തെക്കുകിഴക്കന്‍ മേഖലകളിലും വ്യാപകമായ തണുപ്പ് അനുഭവപ്പെടും.

നോര്‍ത്ത് ടെക്‌സസില്‍ വെള്ളിയാഴ്ച രാത്രിയില്‍ തന്നെ ഐസും സ്ലീറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആര്‍കന്‍സാസ്, ജോര്‍ജിയ, ടെക്‌സസ്, നോര്‍ത്ത് കരോളിന, സൗത്ത് കരോളിന എന്നിവ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ നാഷണല്‍ ഗാര്‍ഡ് ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സജ്ജമാക്കി.

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കുള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് 1,600-ലധികം സ്‌നോ പ്ലൗകളും 1.14 ലക്ഷം ടണ്‍ ഉപ്പും സജ്ജമാണെന്ന് അറിയിച്ചു. വീട്ടില്‍ നിന്ന് ജോലി ചെയ്യാനും അവശ്യസാധനങ്ങള്‍ മുന്‍കൂട്ടി സംഭരിക്കാനും മഞ്ഞ് നീക്കം ചെയ്യുമ്പോള്‍ ഹൃദയാഘാത സാധ്യത വര്‍ധിക്കാമെന്നതിനാല്‍ ജാഗ്രത പാലിക്കാനും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി 700 ഉപ്പ് വിതരണ വാഹനങ്ങളും 2,200 സ്‌നോ പ്ലൗകളും ഉള്‍പ്പെടെ ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളെ വിന്യസിക്കുമെന്ന് അറിയിച്ചു. മെട്രോയും ബസുകളും പ്രവര്‍ത്തിച്ചാലും അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഐസും മഞ്ഞും മൂലം ചില പ്രദേശങ്ങളില്‍ പ്രാദേശിക വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാകാമെങ്കിലും വ്യാപക ഗ്രിഡ് തകരാര്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

വെള്ളിയാഴ്ചയോടെ ആകെ 16 സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥയില്‍ ആയിരുന്നു. ചില എയര്‍ലൈന്‍ കമ്പനികള്‍ യാത്രക്കാരെ അധികചെലവില്ലാതെ ടിക്കറ്റ് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്.

ഫ്ൈളറ്റ് ട്രാക്കര്‍ ഫ്ൈളറ്റ് അവെയര്‍ പ്രകാരം ശനിയാഴ്ച 3,200-ലധികം വിമാനങ്ങളും ഞായറാഴ്ച 4,800-ലധികം വിമാനങ്ങളും ഇതിനകം റദ്ദാക്കി.

കൊടുങ്കാറ്റിന്റെ ശക്തി വര്‍ധിച്ചാല്‍ യാത്ര ഏറെക്കുറെ അസാധ്യമാകും എന്നതിനാല്‍ വാരാന്ത്യത്തില്‍ ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം കാനഡയിലും അതിശീതം തുടരുകയാണ്. കിഴക്കന്‍, അറ്റ്ലാന്റിക് മേഖലകളില്‍ തിങ്കളാഴ്ച മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി കാനഡ കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

ഈ വാരാന്ത്യത്തില്‍ കൊടുങ്കാറ്റ് കടന്നുപോയ ശേഷവും കാനഡയില്‍ നിന്നുള്ള ശക്തമായ ആര്‍ക്ക്ടിക് തണുത്ത വായുമണ്ഡലം അടുത്ത ആഴ്ച വരെ കിഴക്കന്‍ അമേരിക്കയില്‍ കടുത്ത തണുപ്പ് തുടരാന്‍ ഇടയാക്കുമെന്ന് വെതര്‍ പ്രെഡിക്ഷന്‍ സെന്റര്‍ അറിയിച്ചു.